ഇന്‍റര്‍നെറ്റ് ടെലിഫോണ്‍  രാജ്യവ്യാപകമാക്കും

ന്യൂഡല്‍ഹി: ടെലിഫോണ്‍ കോള്‍ നിരക്ക് ഗണ്യമായി കുറക്കാന്‍ സഹായിക്കുന്ന ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ രാജ്യവ്യാപകമാക്കുന്ന നടപടി ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ അറിയിച്ചു. ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ സംബന്ധിച്ച ഓപണ്‍ഹൗസ് ചര്‍ച്ചക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഫോണ്‍കോളുകളും ഇതിന്‍െറ പരിധിയില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ കമ്പ്യൂട്ടറുകള്‍ വഴി ഫോണ്‍ സൗകര്യം നല്‍കുന്നുണ്ട്. വാട്സ് ആപ്, സ്കൈപ് തുടങ്ങിയ മൊബൈല്‍ അധിഷ്ഠിത ഇന്‍റര്‍നെറ്റ് കോളുകളും പ്രചാരത്തിലുണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് ഫോണും പരമ്പരാഗത ടെലിഫോണുമായി കാര്യമായ വ്യത്യാസം ഇന്നില്ല. എന്നാല്‍, ലാന്‍ഡ്ലൈന്‍ ഫോണുമായി മത്സരിക്കേണ്ട അവസ്ഥ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്കുണ്ടെന്ന് ശര്‍മ പറഞ്ഞു. വിദേശത്ത് പോകുന്നയാള്‍ക്ക് ഇന്ത്യയിലെ ലാന്‍ഡ്ലൈനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ ചെയ്യാവുന്ന ബി.എസ്.എന്‍.എല്‍ പദ്ധതിക്കെതിരെ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ പരാതിയുമായി വന്നതിനെ തുടര്‍ന്നാണ് ട്രായ് ഓപണ്‍ ഹൗസ് വിളിച്ചത്. ബി.എസ്.എന്‍.എല്ലിന്‍െറ  വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ (വി.ഒ.ഐ.പി) കോളുകള്‍ ഫോണ്‍ ചാര്‍ജ് ഗണ്യമായി കുറക്കാനും കോള്‍ ഗുണനിലവാരം നഷ്ടപ്പെടാതെ സംരക്ഷിക്കാനും സഹായിക്കുമെന്ന് ശര്‍മ പറഞ്ഞു. എന്നാല്‍, പുതിയ ബി.എസ്.എന്‍.എല്‍ പദ്ധതി നിലവിലെ നിയമങ്ങള്‍ക്ക് എതിരാണെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ വാദം.  ഭാവി ഇന്‍റര്‍നെറ്റ് ഫോണിന്‍േറതാണെന്നും എന്നാല്‍,  ചില കമ്പനികള്‍ അതിലേക്ക് (വി.ഒ.ഐ.പി) മാറുന്നതില്‍ മടികാണിക്കുകയാണെന്നും ട്രായ് വ്യക്തമാക്കി.

Tags:    
News Summary - Trai may make your phone calls and mobile internet cheaper this February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.