കോയമ്പത്തൂർ: റെയിൽപാതക്ക് മുകളിലുള്ള വൈദ്യുതി കമ്പികൾ അറ്റുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ തമിഴ്നാട്ടിൽ ട്രെയിൻഗതാഗതം താറുമാറായി. ട്രെയിനുകൾ മണിക്കൂറുകളോളം നിർത്തിയിട്ടത് യാത്രക്കാരെ വിഷമത്തിലാക്കി.
എട്ട് ട്രെയിനുകളാണ് ആറ് മണിക്കൂറോളം വഴിയിൽ നിർത്തിയിട്ടത്. ഇതോടെ, മേഖലയിലെ മറ്റു ട്രെയിനുകളും വൈകിയാണ് ഒാടിയത്. വെള്ളിയാഴ്ച പുലർച്ച 4.30ന് വെല്ലൂരിന് സമീപം സേലം ജോലാർപേട്ട സെക്ഷന് കീഴിലുള്ള കാഗൻകരൈ, തിരുപ്പത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മധുര-ചെന്നൈ തുരന്തോ എക്സ്പ്രസ് (22206) എൻജിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണത്. തുടർന്ന്, ട്രെയിൻ നിർത്തി എൻജിൻ ഡ്രൈവർ വിവരം ജോലാർപേട്ട റെയിൽവേ അധികൃതരെ അറിയിച്ചു.
ഇതേപാതയിൽ ചെന്നൈയിലേക്ക് വരികയായിരുന്ന തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) കാഗൻകരൈക്ക് സമീപം നിർത്തിയിട്ടു. മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (12686) സാമൾപട്ടിയിലും ചെന്നൈ സ്പെഷൽ ട്രെയിൻ (06060) തോട്ടംപട്ടിയിലും കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് (16316) മൊറപ്പൂരിലും തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ് (22641) ലോഗൂരിലും തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12696) കറുപ്പുവിലും എറണാകുളം-ഹൈദരാബാദ് സ്പെഷൽ എക്സ്പ്രസ് (07118) ബൊമ്മിഡിയിലും നിർത്തിയിട്ടു.
റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. പലയിടങ്ങളിലും നിർത്തിയിട്ട ട്രെയിനുകളിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.