മുംബൈ: ഓടുന്ന ട്രെയിനിൽ എ.എസ്.ഐയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ക്രൂരകൃത്യം പുനരാവിഷ്‍കരിച്ച് ഗവ. റെയിൽവേ പൊലീസ് (ജി.ആർ.പി). ജൂലായ് 31നാണ് ചേതൻ സിങ് എന്ന ആർ.പി.എഫ് കോൺസ്റ്റബിൾ ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ അരുംകൊല ചെയ്തത്. സംഭവത്തെ തുടർന്ന് മുംബൈ സെൻട്രൽ കാർ ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന ട്രെയിനിൽ ഇന്നലെ ബോറിവലി റെയിൽവേ പൊലീസ് എത്തിയാണ് അന്വേഷണത്തിന്റെ ഭാഗമായി കൃത്യം പുനരാവിഷ്‍കരിച്ചത്.
കൂട്ടക്കൊലയിലെ പ്രധാന സാക്ഷികളും മുതിർന്ന റെയിൽവേ, ആർ.പി.എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതേസമയം, പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ് (34) ഇല്ലാതെയാണ് കൃത്യം പുനരാവിഷ്‍കരിച്ചത്. ഇയാൾ നിലവിൽ ജി.ആർ.പിയുടെ കസ്റ്റഡിയിലാണ്.
പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കണമെന്ന് ആവശ്യപ്പെട്ട് റിമാൻഡ് നീട്ടാൻ ജി.ആർ.പി തിങ്കളാഴ്ച കോടതിയിൽ ഹരജി നൽകിയിരുന്നു. തീവണ്ടിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണസംഘം അറിയിച്ചു.
അതിനിടെ, കൊലപാതകം നടത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ലെന്ന് റെയിൽവേ പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല, അതിനുവേണ്ടി ചികിത്സ തേടുന്നുമില്ല -ആർ.പി.എഫ് വ്യക്തമാക്കി. നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. ചികിത്സ തേടുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
ചേതൻ സിങ്ങിന്‍റെ കസ്റ്റഡി മുംബൈയിലെ ബോറിവാലി മജിസ്ട്രേറ്റ് കോടതി ആഗസ്റ്റ് 11 വരെ നീട്ടിയിട്ടുണ്ട്. മതവിദ്വേഷം പരത്തൽ ഉൾപ്പെടെയുള്ള അധിക വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തി. ട്രെയിനിലെ ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കുറ്റം ചുമത്തിയത്.
ജൂലൈ 31ന് പുലർച്ചെയാണ് ജയ്പുർ-മുംബൈ സെൻട്രൽ എക്‌സ്പ്രസിൽ ആർ.പി.എഫ് കോൺസ്റ്റബിൾ ഉത്തർ പ്രദേശിലെ ഹാഥ്റസ് സ്വദേശിയായ ചേതൻ സിങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊന്നത്. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. ഇവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.