ന്യൂഡല്‍ഹി: റഷ്യയുടെ സഹായത്തോടെ ഇന്ത്യയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ റഷ്യന്‍ റെയില്‍വേ ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചു.
റെയില്‍പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് റഷ്യന്‍ റെയില്‍വേ സമര്‍പ്പിച്ചിരിക്കുന്നത്. വേഗത കൂട്ടണമെങ്കില്‍ പുതിയ കോച്ചുകള്‍ വേണ്ടിവരും. നിലവില്‍ വേഗത നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണം. ട്രെയിനുകള്‍ ഒരു ട്രാക്കില്‍നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറുന്ന സ്ഥലങ്ങളില്‍ നിലവിലെ അവസ്ഥയില്‍ വേഗതകൂട്ടാന്‍ കഴിയില്ല. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ട്രാക് സ്ഥാപിക്കണം. റെയില്‍വേ ക്രോസ് പോലുള്ള സ്ഥലങ്ങളില്‍ അതിവേഗ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒരുക്കണം. ജനവാസ കേന്ദ്രങ്ങളിലൂടെ പോകുന്ന ട്രെയിനുകളുടെ കാതടപ്പിക്കുന്ന ശബ്ദം നിയന്ത്രിക്കാനുള്ള പദ്ധതിയും റഷ്യന്‍ റെയില്‍വേ മുന്നോട്ടുവെക്കുന്നു.
നിലവില്‍ ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. അപൂര്‍വം ട്രെയിനുകള്‍ മാത്രമെ 140 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നുള്ളു. ട്രെയിന്‍ വേഗത 160 മുതല്‍ 200 കിലോമീറ്റര്‍ വരെയായി ഉയര്‍ത്തുമെന്ന് 2015ലെ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. നിലവില്‍ റഷ്യയുമായി സഹകരിച്ച് നാഗ്പുര്‍ മുതല്‍ സെക്കന്തരാബാദുവരെ 575 കിലോമീറ്റര്‍ പാതയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.