ന്യൂഡൽഹി: സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടി ജീവിത വിജയം നേടിയ ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ചമ്മ ജോഗതി പത്മശ്രീ പുരസ്കാരം സ്വീകരിച്ചു.
കലാരംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം. കർണാടകയിലെ ജനപദ അക്കാദമിയിലെ ആദ്യ ട്രാൻസ്ജെൻഡർ പ്രസിഡന്‍റ് കൂടിയാണ് ഇവർ.
മഞ്ചമ്മ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിനിടെ മഞ്ചമ്മ പുരസ്കാരം സ്വീകരിക്കാനെത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. മഞ്ചമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അടുത്തെത്തിയതിന് ശേഷം തൂവാലകൊണ്ട് ഉഴിഞ്ഞ് ശുഭാശംസകൾ നേരുന്നതാണ് ദൃശ്യങ്ങൾ. ശേഷം ചിരിച്ചുകൊണ്ട് രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മഞ്ചമ്മയുടെ ആശംസയെ വൈസ് പ്രസിഡന്‍റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ സദസ് വലിയ കരഘോഷത്തോടെ സ്വീകരിക്കുന്നതും കാണാം.
കർണാടക, ആന്ധ്രപ്രദേശിന്‍റെ ചില ഭാഗങ്ങൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പരിശീലിക്കുന്ന നാടോടി കലാരൂപങ്ങൾ ജനപ്രിയമാക്കുന്നതിൽ മഞ്ചമ്മ വലിയ പങ്കുവഹിച്ചുവെന്ന് രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു. കർണാടകയിലെ ബെല്ലാരിക്ക് സമീപമാണ് മഞ്ചമ്മയുടെ ജനനം. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യപേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.