ഇംഫാൽ: കലാപകലുഷിതമായ മണിപ്പൂരിലെത്തിയ ‘ഇൻഡ്യ’ എം.പിമാരുടെ സം ഘത്തിനുമുന്നിൽ വേറിട്ട നിവേദനവുമായി സംസ്ഥാനത്തെ ഗോത്രവർഗ സംഘടനകളുടെ കൂട്ടായ്മയായ ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്). സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകണമെന്ന ആവശ്യവുമായാണ് ഇവർ സംഘത്തിനു മുന്നിലെത്തിയത്.
‘‘എല്ലാ വിഭാഗങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കിലും കുക്കി-സോ ഗോത്രവർഗക്കാരാണ് അക്രമത്തിന്റെ ഏറ്റവും വലിയ ഇരകൾ. മൊത്തം മരണത്തിൽ മൂന്നിൽ രണ്ടും അവരാണ്. സർക്കാർ ആയുധകേന്ദ്രത്തിൽനിന്ന് കവർച്ച നടത്തിയ ആയിരക്കണക്കിന് ആയുധങ്ങളാണ് ‘വംശഹത്യ കാമ്പയിനി’ൽ ഉപയോഗിക്കുന്നത്. ദുരിതം ഇരട്ടിയാക്കി, അത്യാധുനിക ആയുധം കൈയിലുള്ള സംസ്ഥാന പൊലീസ് കമാൻഡോകൾ മെയ്തേയി തോക്കുധാരികൾക്കൊപ്പം ചേർന്ന് ഗോത്രഗ്രാമങ്ങളിൽ റെയ്ഡ് നടത്തുകയും മുൻനിരയിൽനിന്ന് ആക്രമണം നടത്തുകയുമാണ്. സൈനിക ബഫർ സോണുകളുമായുള്ള അകലം നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. രാഷ്ട്രപതി ഭരണം നിലനിൽക്കാത്തതിനാൽ പട്ടാളത്തിനോ മറ്റു സുരക്ഷാ സേനകൾക്കോ ഒന്നും ചെയ്യാനാകുന്നില്ല’’- നിവേദനം പറയുന്നു. ചുരാചന്ദ്പൂരിലെ മലനിരകളിലേക്കുള്ള ഏക ദേശീയപാത അടച്ചിടുക വഴി ലക്ഷക്കണക്കിന് ഗോത്രവർഗക്കാർക്ക് അവശ്യവസ്തുക്കളും മരുന്നും നിഷേധിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നും വളരെ നേരത്തെ ഇടപെടേണ്ടതായിരുന്നുവെന്നും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ വിമർശിച്ചു. സുപ്രീംകോടതി, വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് കുറേക്കൂടി വേഗത്തിൽ ഇടപെടേണ്ടിയിരുന്നുവെന്നും ‘മോജോ സ്റ്റോറി’യിൽ ബർഖ ദത്തിന് അനുവദിച്ച അഭിമുഖത്തിൽ ലോക്കൂർ അഭിപ്രായപ്പെട്ടു.
നന്നേ ചുരുങ്ങിയത് എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നതെന്ന് സുപ്രീംകോടതി സർക്കാറിനോട് ചോദിക്കുകയെങ്കിലും ചെയ്യണമായിരുന്നു.
കോവിഡ് കാലത്ത് സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കുടിയേറ്റ തൊഴിലാളികളിൽ ഒരാൾ പോലും റോഡിലില്ലെന്ന് പറഞ്ഞത് സുപ്രീംകോടതി വിശ്വസിച്ചു. സത്യം അതിൽനിന്നുമേറെ അകലെയായിരുന്നു.
നേരത്തെ തെറ്റിദ്ധരിപ്പിച്ച സോളിസിറ്റർ ജനറൽ എല്ലാം സാധാരണ നിലയിലായെന്ന് പറയുമ്പോൾ സാധാരണ നിലയിലായത് തങ്ങളെ കാണിക്കൂ എന്ന് സുപ്രീംകോടതി പറയേണ്ടിയിരുന്നു. കേന്ദ്ര സർക്കാർ പറഞ്ഞത് സുപ്രീംകോടതിക്ക് എങ്ങനെ വിശ്വസിക്കാനായി എന്ന് മനസ്സിലാകുന്നില്ല. ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നമല്ല, പൊതുജനങ്ങളെ ബാധിച്ച വലിയ പ്രശ്നമാണ്.
ഗുജറാത്ത് കലാപത്തിൽ സുപ്രീംകോടതി ഇടപെട്ട് കേസുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണിപ്പൂരിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്.
ഏതെങ്കിലും കേസുകൾ സി.ബി.ഐ ഏറ്റെടുത്തതുകൊണ്ടായില്ല. വൈറലായ വിഡിയോയിലെ ഒരു സംഭവം മാത്രമല്ലല്ലോ അവിടെ നടന്നത്. ബലാത്സംഗവും തീവെപ്പും നടന്നു. 150ലധികം പേർ കൊല്ലപ്പെട്ടു. അതെല്ലാം സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കേണ്ടതാണെന്നും ലോക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.