ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് ബി.ജെ.പി; തൃണമൂലിനും കോൺഗ്രസിനും ആർ.ജെ.ഡിക്കും വിജയം

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, രാഷ്ര്ടീയ ജനതദൾ പാർട്ടികളുടെ മുന്നേറ്റം. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അസൻസോൾ ലോക്സഭ സീറ്റും ബാലിഗഞ്ച് നിയമസഭ സീറ്റും തൃണമൂൽ തൂത്തുവാരി.

മഹാരാഷ്ട്രയിലെ കോലാപ്പുർ നോർത്ത് സീറ്റിലും ഛത്തീസ്ഗഡിലെ ഖൈരാഗഡ് സീറ്റിലും കോൺഗ്രസ് ബി.ജെ.പി സ്ഥാനാർഥികളെ തോൽപിച്ചു. ബിഹാറിലെ ബോച്ഹൻ സീറ്റിൽ ആർ.ജെ.ഡി അട്ടിമറി വിജയം നേടി. ബംഗാളിലെ ബാലിഗഞ്ച് സീറ്റിൽ പരാജയപ്പെട്ടെങ്കിലും സി.പി.എം രണ്ടാം സ്ഥാനം നേടി തിരിച്ചുവരവ് അറിയിച്ചു.

ബി.ജെ.പി സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ച് ശത്രുഘ്നൻ സിൻഹ

അസൻസോളിൽ തൃണമൂൽ സ്ഥാനാർഥിയും പ്രശസ്ത നടനുമായ ശത്രുഘ്നൻ സിൻഹ 3,00,543 ലധികം വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചത്. പ്രമുഖ ഡിസൈനറും ബി.ജെ.പി സ്ഥാനാർഥിയുമായ അഗ്നിമിത്ര പോളിനെയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ശത്രുഘ്നൻ സിൻഹ പിന്നിലാക്കിയത്. സിൻഹ 6,52,586 വോട്ട് നേടിയപ്പോൾ അഗ്നിമിത്ര 3,52,043 വോട്ട് പിടിച്ചു.

2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അസൻസോളിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ബാബുൽ സുപ്രിയോയുടെ ഭൂരിപക്ഷമാണ് ഇത്തവണ ശത്രുഘ്നൻ സിൻഹ മറികടന്നത്. അന്ന് 1,97,637 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുപ്രിയോ വിജയിച്ചത്.

ബാലിഗഞ്ച് പിടിച്ച് ബാബുൽ സുപ്രിയോ

ബാലിഗഞ്ച് നിയമസഭ സീറ്റിൽ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോ 20,056 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എം സ്ഥാനാർഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തി.

ബാബുൽ സുപ്രിയോക്ക് 50,996 വോട്ടും സൈറ ഷാ 30,940 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി കേയ ഘോഷ് 13,174 വോട്ടും കോൺഗ്രസ് സ്ഥാനാർഥി കംറുസമാൻ ചൗധരി 5205 വോട്ടും നേട്ടി മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

കോലാപ്പുർ നോർത്തിൽ കോൺഗ്രസിന് വിജയം

മഹാരാഷ്ട്രയിലെ കോലാപ്പുർ നോർത്ത് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയശ്രീ ജാദവ് 18,800 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്. ജയശ്രീ 96,226 വോട്ടുകൾ നേടിയപ്പോൾ 77,426 വോട്ടുകളാണ് സത്യജിത്ത് കദമിന് ലഭിച്ചത്.

ഭരണസഖ്യമായ ശിവസേന, എൻ.സി.പി, കോൺഗ്രസ് മഹാ വികാസ് അഗാഡിയുടെ നേട്ടമായാണ് ജയശ്രീയുടെ വിജയത്തെ കാണുന്നത്. ശിവസേനയുടെ തട്ടകമായിരുന്ന കോലാപ്പുർ നോർത്ത് മണ്ഡലം ചന്ദ്രകാന്ത് ജാദവിലൂടെ 2019ൽ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ബി.ജെ.പിക്കെതിരെ മഹാ വികാസ് അഗാഡി രൂപപ്പെട്ടത്.

ബോച്ഹനിൽ ആർ.ജെ.ഡിക്ക് അട്ടിമറി വിജയം

ബിഹാറിലെ ബോച്ഹൻ പട്ടികജാതി സീറ്റിൽ ആർ.ജെ.ഡിയുടെ അമർ കുമാർ പാസ്വാൻ വിജയിച്ചു. അമർ കുമാർ 82547 വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ ബേബി കുമാരിയും 45889 വോട്ട് പിടിച്ചു. വികാഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി)യുടെ ഗീത കുമാരി 29276 വോട്ടും കോൺഗ്രസിന്‍റെ തരുൺ ചൗധരി 1336 വോട്ടും നേടി മൂന്നും നാലും സ്ഥാനത്തെത്തി. മുകേഷ് സഹാനിയുടെ വികാഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) എം.എൽ.എ മുസാഫിർ പാസ്വാന്‍റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഖൈരാഗഡ് പിടിച്ച് കോൺഗ്രസ്

ഛത്തീസ്ഗഡിലെ ഖൈരാഗഡ് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി യശോദ വര്‍മ വിജയം ഉറപ്പിച്ചു. 20176 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യശോദ വര്‍മക്കുള്ളത്. ജില്ല കോണ്‍ഗ്രസ് അധ്യക്ഷയായ യശോദ വര്‍മ 87829 വോട്ടും ബി.ജെ.പി സ്ഥാനാർഥി കോമള്‍ ജാങ്കേൽ 67660 വോട്ടും നേടി. ഫോർവേഡ് ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ ചുരാൻ (വിപ്ലവ് സാഹു) 2411 വോട്ടും ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജോഗി) സ്ഥാനാർഥി 1220 വോട്ടും നേടി മൂന്നും നാലും സ്ഥാനത്തെത്തി.

ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജോഗി) എം.എല്‍.എയും ഖൈരാഗഡ് രാജകുടുംബാംഗവുമായ ദേവവ്രത് സിങ്ങിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് ഖൈരാഗഡ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യശോദ 870 വോട്ടിനാണ് ദേവവ്രതിനോട് പരാജയപ്പെട്ടത്.

Tags:    
News Summary - The BJP suffered a setback in the by-elections; BJP, Trinamool, Congress and RJD win by-elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.