കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർമാരിൽ ചിലരെങ്കിലും കൺഫ്യൂഷനിലാണ്. തങ്ങളുടെ പ്രിയപ്പെട്ട നടി കഴിഞ്ഞദിവസം പറഞ്ഞത് തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നായിരുന്നു. എന്നാൽ, ഇന്ന് ആവശ്യപ്പെട്ടത് ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിക്കണമെന്നും. ബോളിവുഡ് നടിയും പശ്ചിമ ബംഗാളിലെ ഡാർജിലീങ് സ്വദേശിനിയുമായ മഹിമ ചൗധരിയാണ് വോട്ടർമാരെ കുഴപ്പത്തിലാക്കിയത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പരാഗനാസ് ജില്ലയിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ഇവർ റോഡ്‌ഷോയിൽ പങ്കെടുക്കുകയും സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു.
294 സീറ്റുള്ള പശ്ചിമ ബംഗാൾ നിയമസഭ കീഴടക്കാനായി ഇരുപാർട്ടികളും കടുത്ത പോരാട്ടമാണ് നടത്തുന്നത്. എട്ട് ഘട്ടങ്ങളായാണ് ഇവിടെ വോട്ടെടുപ്പ്. നാല് ഘട്ടങ്ങൾ സമാപിച്ചു. ഇതിനിടയിൽ നിരവധി ആക്രമണങ്ങളാണുണ്ടായത്. നിരവധി പേർ മരിക്കുകയും ചെയ്തു.
ഇത്രയും ചൂടേറിയ രാഷ്ട്രീയ അന്തരീക്ഷത്തിനിടെയാണ് മഹിമ ചൗധരി ബി.ജെ.പിക്കും ടി.എം.സിക്കും വേണ്ടി പ്രചാരണം നടത്തുന്നത്. നോർത്ത് 24 പരാഗനാസ് ജില്ലയിലെ ലേക്ക് ടൗൺ ഏരിയയിലെ ബി.ജെ.പി സ്ഥാനാർഥി സബ്യാസാച്ചി ദത്തക്ക് വേണ്ടിയാണ് തിങ്കളാഴ്ച ഇവർ രംഗത്ത് വന്നത്. കഴിഞ്ഞദിവസം കാമർഹതിയിൽ ടി.എം.സി സ്ഥാനാർത്ഥി മദൻ മിത്രക്ക് വേണ്ടിയാണ് റോഡ്‌ഷോയിൽ അണിനിരന്നത്. ഏപ്രിൽ 17നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.