ന്യൂഡൽഹി: ബംഗാളി വിരുദ്ധനാണെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ പ്രതിരോധത്തിലായ ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർഥി ബംഗാളിൽ മത്സരരംഗത്തുനിന്ന് പിന്മാറി. ഡൽഹിയിലെ പാർട്ടി കേന്ദ്ര ആസ്ഥാനത്ത് സ്ഥാനാർഥി പ്രഖ്യാപനം നടത്തി 24 മണിക്കൂർ തികയും മുമ്പാണ് ഭോജ്പൂരി ഗായകനായ പവൻ സിങ്ങിന്റെ പിന്മാറ്റം. ബംഗാളി സ്ത്രീകളെ അവഹേളിച്ച പവൻ സിങ്ങിന് സീറ്റ് നൽകിയത് തൃണമൂൽ കോൺഗ്രസ് വൻ വിവാദമാക്കിയതിന് പിന്നാലെയാണ് പിന്മാറ്റം. തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പി കീഴടങ്ങിയെന്ന് പറഞ്ഞ് പവൻ സിങ്ങിന്റെ പിന്മാറ്റം ആഘോഷമാക്കുകയാണ് തൃണമൂൽ.
ബി.ജെ.പി വിട്ട് തൃണമൂലിൽ ചേർന്ന ഹിന്ദി സിനിമ നടൻ ശത്രുഘ്നൻ സിൻഹ ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്ത അസൻസോൾ ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാനാണ് പവൻ സിങ്ങിനെ ആദ്യ പട്ടികയിൽതന്നെ സ്ഥാനാർഥിയായി ഇറക്കിയത്. തൊട്ടുപിന്നാലെ പവൻ സിങ് ബംഗാളി സ്ത്രീകളെ അവഹേളിച്ച് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവെച്ച തൃണമൂൽ കോൺഗ്രസ് മോദിയുടെയും ബി.ജെ.പിയുടെയും നാരീശക്തിയെ പരിഹസിച്ച് ശക്തമായ പ്രചാരണമഴിച്ചുവിട്ടു. പ്രധാനമന്ത്രി ബംഗാളികളെ അപമാനിക്കുകയാണെന്നും ബംഗാളിനും സ്ത്രീകൾക്കുമെതിരെ സംസാരിച്ചാൽ ബി.ജെ.പി സീറ്റു നൽകുന്ന സാഹചര്യമാണെന്നും തൃണമൂൽ രാജ്യസഭ നേതാവ് ഡെറിക് ഒബ്രിയാൻ പ്രതികരിച്ചു.
ജനവികാരം എതിരാകുകയാണെന്ന് കണ്ടതോടെ താൻ മത്സരിക്കാനില്ലെന്ന് പവൻ സിങ് ട്വീറ്റ് ചെയ്തു. സ്വന്തം നിലക്കാണോ പാർട്ടി പറഞ്ഞിട്ടാണോ പവൻ സിങ് പിന്മാറിയതെന്ന് അറിയില്ലെന്ന് ശത്രുഘ്നൻ സിൻഹ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.