ന്യൂഡൽഹി: പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. അസാധാരണ വ്യവസ്ഥകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നതെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ ആരോപിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് എം.പിമാർക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നഷ്ടപ്പെടുന്നത്. കോവിഡിന്‍റെ പേരിൽ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും ഡെറിക് ഒബ്രിയാൻ ചൂണ്ടിക്കാട്ടി.
സെപ്തംബർ 14ന് ആരംഭിക്കുന്ന പാർലമെന്‍റ് വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചോദ്യോത്തരവേള വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതായി രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് അറിയിച്ചത്. അതേസമയം, ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ സാധാരണ നിലയിൽ നടക്കും.
പാർലമെന്‍റ് അംഗങ്ങൾ കോവിഡ് നിർണയ പരിശോധന അടക്കം മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം. ആഴ്ചയുടെ അവസാനം അവധി നൽകാതെ തുടർച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബർ 14ന് ലോക്സഭ രാവിലെ ഒമ്പതിന് ചേർന്ന് ഒരു മണിക്കും രാജ്യസഭ ഉച്ചക്ക് മൂന്നിന് തുടങ്ങി വൈകീട്ട് ഏഴിനും അവസാനിക്കും.
സെപ്തംബർ 15 മുതൽ രാജ്യസഭയുടെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും ലോക്സഭയുടേത് ഉച്ചക്ക് മൂന്ന് മുതൽ വൈകീട്ട് ഏഴുവരെയുമാകും. ഇരു സഭകളും നാലു മണിക്കൂർ മാത്രമാകും ചേരുക. സെപ്തംബർ 14ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.