ന്യൂഡൽഹി: ബി.ജെ.പിയിൽ തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയ എം.എൽ.എ കൃഷ്ണ കല്യാണിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. കല്യാണിയുടെ സോൾവെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊൽക്കത്തയിലെ രണ്ട് ടെലിവിഷൻ ചാനലുകളും തമ്മിലുള്ള സംശയകരമായ സാമ്പത്തിക ഇടപാടിനെ തുടർന്നാണ് ഇ.ഡി നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതു നിമിഷവും ചോദ്യം ചെയ്യലിനായി കല്യാണിയെ ഇ.ഡി വിളിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. സസ്‌പെൻഷനിലായ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അഴിമതി വിവാദങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജൻസി വിളിപ്പിച്ചിരിക്കുന്നത്.
2021ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിലാണ് കല്യാണി മത്സരിച്ചു വിജയിച്ചത്. പിന്നീട് നിയമസഭയിൽ നിന്ന് രാജിവെക്കാതെ തന്നെ തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ് കല്യാണി.
2002ലാണ് ഭക്ഷ്യ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന സോൾവെക്സ് കമ്പനി കല്യാണി തുടങ്ങിയത്. 2018-19, 2019-20, 2021-22 കാലയളവിൽ കൊൽക്കത്ത ടെലിവിഷൻ, റോസ് ടി.വി ചാനലുകൾ വഴി നടത്തിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കമ്പനിയോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.