ന്യൂഡൽഹി: വിവിധ കായിക സംഘടനകളിൽ വനിത അത്ലറ്റുകളുടെ സുരക്ഷ സംബന്ധിച്ച കാര്യം ചർച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതോടെ തൃണമൂൽ കോൺഗ്രസ് എം.പിമാർ പാർലമെന്റ് സമിതി യോഗം ബഹിഷ്കരിച്ചു. വിദ്യാഭ്യാസ, വനിത, ശിശു, യുവജന, കായിക കാര്യങ്ങൾക്കുള്ള സമിതി അധ്യക്ഷനും ബി.ജെ.പി എം.പിയുമായ വിവേക് താക്കൂർ ആണ് തങ്ങളുടെ ആവശ്യം യോഗത്തിൽ നിഷേധിച്ചതെന്ന് തൃണമൂൽ എം.പി സുഷ്മിത ദേവ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് ചർച്ച അനുവദിക്കാതിരുന്നതെന്നാണ് വിവേക് താക്കൂറിന്റെ ന്യായം. യോഗത്തിൽ സംബന്ധിച്ച കോൺഗ്രസിലെ അഖിലേഷ് സിങ് തൃണമൂൽ ആവശ്യത്തെ പിന്തുണച്ചെങ്കിലും അദ്ദേഹം യോഗം വിട്ടിറങ്ങിയില്ല.
അതിനിടെ, ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണക്കുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അവർക്ക് നീതി കിട്ടുംവരെ താൻ പോരാടുമെന്ന് മമത വ്യക്തമാക്കി. താരങ്ങളുടെ സമരം ജീവനും നീതിക്കും സ്വാതന്ത്ര്യത്തിനുമായുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു. സമരത്തിന് പിന്തുണയുമായി കൊൽക്കത്തയിൽ മമതയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.