കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുമ്പിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തൃണമൂലിന്‍റെ വിമത നേതാവ് സുനിൽ മൊണ്ഡാൽ ഓഫിസ് സന്ദർശിക്കാനെത്തിയതോടെയാണ് തൃണമൂൽ പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടിയത്.
കരിങ്കൊടിയുമായി എത്തിയ കർഷകർ, മൊണ്ഡാലിന്‍റെ വാഹനത്തിന് ചുറ്റും തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ ബി.ജെ.പിയിൽ ചേർന്ന വിമത തൃണമൂൽ നേതാക്കൾ ആശംസ ചടങ്ങുകൾക്കായി ഇന്ന് ബി.ജെ.പി ഓഫിസിൽ എത്തിയിരുന്നു. മമത ബാനർജി സർക്കാറിലെ പ്രധാനിയായിരുന്ന സുവേന്ദു അധികാരിയും ബി.ജെ.പി ഓഫിസിൽ ഉടൻ എത്തിച്ചേരുമെന്നാണ് വിവരം.
ബി.ജെ.പി ഓഫിസിനോട് ചേർന്ന് തൃണമൂൽ പ്രവർത്തകർ ഒരു സ്റ്റേജ് നിർമിച്ചിട്ടുണ്ട്. പൊലീസിന്‍റെ അനുമതി വാങ്ങിയശേഷമാണോ സ്റ്റേജ് നിർമിച്ചതെന്ന കാര്യം വ്യക്തമല്ല. അവിടെയെത്തിയാണ് തൃണമൂൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത്.
തൃണമൂൽ പ്രവർത്തകരുടെ സ്റ്റേജിനും ബി.ജെ.പി ഓഫിസിനും ഇടയിൽ പൊലീസ് ബാരിക്കേഡുകൾ തീർത്തു. പ്രവർത്തകർ സ്വമേധയാ പ്രതിഷേധം സംഘടിപ്പിക്കുന്നതാണെന്ന് തൃണമൂൽ എം.പി സൗഗത റോയ് പ്രതികരിച്ചു. സംസ്ഥാനത്ത് കാര്യങ്ങൾ മോശമായി കാണുന്നതിന്‍റെ പ്രതികരണമാണ് പ്രതിഷേധമെന്നായിരുന്നു ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ പ്രതികരണം.
ബംഗാളിൽ മമത ബാനർജി സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം മാസങ്ങളായി ഇവിടെ പ്രവർത്തനം തുടരുന്നുണ്ട്. അമിത് ഷായുടെ സന്ദർശനത്തോടെ തൃണമൂൽവിട്ട് നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.