ന്യൂഡല്‍ഹി: ഭരണഘടന വ്യക്തിക്ക് അനുവദിച്ച അവകാശങ്ങള്‍ക്കുമേല്‍ പരമാധികാരം അവകാശപ്പെടാന്‍ ഒരു സമുദായത്തിന്‍െറയും വ്യക്തി നിയമത്തിന് കഴിയില്ളെന്ന് അലഹബാദ് ഹൈകോടതി അഭിപ്രായപ്പെട്ടു. മുത്തലാഖിലൂടെ ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ഭര്‍ത്താവിനും തനിക്കും പൊലീസ് സംരക്ഷണം തേടി യു.പിയിലെ ബുലന്ദ്ശഹ്ര്‍ സ്വദേശിനി ഹിന എന്ന 23കാരി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് ജെ. സുനീത് കുമാറിന്‍െറ നിരീക്ഷണം. മുത്തലാഖ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതിനാല്‍ അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ അഞ്ചിനാണ് ഹരജി തള്ളിയത്.
ക്ഷണനേരം കൊണ്ട് വിവാഹമോചനം ചെയ്യാവുന്നതരത്തില്‍ ഏകപക്ഷീയ അധികാരം മുസ്ലിം ഭര്‍ത്താവ് അനുഭവിക്കുന്നത് ഇസ്ലാമിക അനുശാസനകള്‍ അനുസരിച്ചല്ളെന്ന് ജ. സുനീത് കുമാര്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആനിക നിയമത്തിന് കീഴില്‍ അനിയന്ത്രിതമായ അധികാരം മുസ്ലിം പുരുഷന്‍ അനുഭവിക്കുന്നുണ്ടെന്ന ധാരണ പ്രചാരത്തിലുണ്ട്. എന്നാല്‍, ഭാര്യ വിശ്വസ്തയും അനുസരണയുള്ളവളുമായി തുടരുന്നിടത്തോളം ഒരു പുരുഷന് തന്‍െറ ഭാര്യയെ വിവാഹമോചനം ചെയ്യാനുള്ള പഴുതുകളെല്ലാം ഖുര്‍ആന്‍ നിരാകരിക്കുന്നുണ്ട്. ഭാര്യയുടെ സ്വഭാവദൂഷ്യമോ വഴിപ്പെടാതിരിക്കലോ കാരണം വിവാഹജീവിതം അസന്തുഷ്ടമാകുന്ന സാഹചര്യത്തിലാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കുന്നത്. ഗുരുതരമായ കാരണമില്ലാതെ ഒരാള്‍ക്കും മതത്തിന്‍െറ കണ്ണിലൂടെയോ അല്ലാതെയോ വിവാഹമോചനത്തെ ന്യായീകരിക്കാന്‍ കഴിയില്ല. മനസ്സിന്‍െറ ചാഞ്ചാട്ടത്തില്‍ ഒരുത്തന്‍ തന്‍െറ ഭാര്യയെ ഉപേക്ഷിച്ചാല്‍ അവന്‍ ദൈവകോപം ക്ഷണിച്ചുവരുത്തുകയാണെന്നും അവനുമേല്‍ ദൈവത്തിന്‍െറ ശാപമുണ്ടാകുമെന്നും പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളിലെല്ലാം ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍ മതിയായ കാരണം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
എന്നാല്‍, വിവാഹമോചനവുമായി ബന്ധപ്പെട്ട് ഖുര്‍ആനും പ്രവാചകനും മുന്നോട്ടുവെച്ച വ്യവസ്ഥയുടെ ചൈതന്യത്തിന് വിരുദ്ധമായ രീതിയാണ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമത്തിലുള്ളത്. ഭാര്യയുടെയും ഭര്‍ത്താവിന്‍െറയും കുടുംബങ്ങളില്‍നിന്നുള്ള രണ്ട് മധ്യസ്ഥരാല്‍ ദമ്പതികള്‍ക്കിടയില്‍ നിരവധി അനുരഞ്ജന ശ്രമങ്ങള്‍ക്കുശേഷം നടത്തേണ്ടതാണ് തലാഖ്. ഏറെ ആക്ഷേപമുള്ള മുത്തലാഖ് സമ്പ്രദായം മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗവും പിന്തുടരുന്നില്ളെങ്കിലും, അങ്ങേയറ്റം ക്രൂരവും അന്തസ്സ് കുറഞ്ഞതുമായ വിവാഹമോചന രീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.