ന്യൂഡൽഹി: ത്രിപുരയിൽ രണ്ട് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബഹിഷ്‍കരിക്കുമെന്ന് ഇടതുപാർട്ടികൾ. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് ഇടതുപാർട്ടികളുടെ കമ്മറ്റിയുടെ പ്രഖ്യാപനം. ധാൻപൂർ, ബോക്സ്നഗർ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇടതുപാർട്ടികളുടെ കൺവീനർ നാരായൺ കർ ആണ് വോട്ടെണ്ണൽ ബഹിഷ്‍കരിക്കുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പിൽ വ്യാപകമായി കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് ഇടതുപാർട്ടികളുടെ നീക്കം. വോട്ടെടുപ്പിന്റെ തുടക്കം മുതൽ കൃത്രിമം നടക്കുകയാണെന്ന വിവരം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കമീഷൻ തയാറായില്ല. ഒടുവിൽ വോട്ടെടുപ്പ് റദ്ദാക്കി പുതിയത് നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും കമീഷനിൽ നിന്നും അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്ന് ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി.
ഇതിലൂടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൃത്രിമം നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ബഹിഷ്‍കരിക്കുകയാണെന്ന് ഇടതുപാർട്ടികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.