അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടതു സഖ്യം തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ. അഞ്ചു വർഷമായി രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നതിനാൽ ജനത്തിന് മടുത്തുവെന്നും ബി.ജെ.പിക്കെതിരെ വോട്ടുകളുടെ സൂനാമിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാറിന്റേത് കാട്ടുഭരണമായിരുന്നു. നിയമവാഴ്ചയില്ല. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തി. ടിപ്ര മോത പാർട്ടിക്ക് തെരഞ്ഞെടുപ്പിന് ശേഷം പ്രായോഗികമായ കാഴ്ചപ്പടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. വിശാല ത്രിപുര വേണമെന്ന ടിപ്ര മോത പാർട്ടിയുടെ ആവശ്യം പ്രായോഗികമല്ല. ഇത് അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ കൂടുതൽ വികസനം എത്തിക്കുകയാണ് വേണ്ടതെന്നും സുദീപ് റോയ് ബർമൻ പറഞ്ഞു. ഫെബ്രുവരി 16നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന സുദീപ് റോയ് ബർമൻ അഗർത്തല മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. ബി.ജെ.പിയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം മന്ത്രിപദവിയും എം.എൽ.എ സ്ഥാനവും രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. നേരത്തെ കോൺഗ്രസിലായിരുന്ന ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നെങ്കിലും പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേക്കേറുകയായിരുന്നു.
അഞ്ചുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി സമിർ രഞ്ജൻ ബർമന്റെ മകനാണ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇദ്ദേഹത്തിന്റെ സാന്നിധ്യം ബി.ജെ.പിക്ക് ഏറെ സഹായകമായിരുന്നു.
അഗർത്തല: ത്രിപുരയിൽ ആദിവാസി പാർട്ടിയായ ‘ടിപ്ര മോത’യുമായി നിലവിൽ സഖ്യമില്ലെങ്കിലും പ്രാദേശിക നീക്കുപോക്കുകളുണ്ടാകാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഫെബ്രുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതു-കോൺഗ്രസ് സഖ്യം വിജയിക്കുമെന്നും തൂക്കുസഭക്ക് സാധ്യതയില്ലെന്നും യെച്ചൂരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
60 അംഗ നിയമസഭയിൽ ബി.ജെ.പി 55 ഇടത്തും അവരുടെ സഖ്യകക്ഷി ഐ.പി.എഫ്.ടി അഞ്ചിടത്തുമാണ് ജനവിധി തേടുന്നത്. ഇടതുമുന്നണിയിൽനിന്ന് സി.പി.എം 43 ഇടത്ത് മത്സരിക്കുന്നു. ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി, സി.പി.ഐ എന്നിവർ ഓരോ സീറ്റിലും ജനവിധി തേടും. ഇടതുപക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് 13 ഇടത്താണ് മത്സരിക്കുന്നത്. പടിഞ്ഞാറൻ ത്രിപുരയിലെ രാംനഗർ മണ്ഡലത്തിൽ ഇടതുപക്ഷം സ്വതന്ത്രനെ പിന്തുണക്കും.
പ്രദ്യോത് ബിക്രം മാണിക്യദേബ് ബർമയുടെ നേതൃത്വത്തിൽ ‘ത്രിപുരി ദേശീയത’ മുൻനിർത്തി ഗ്രേറ്റർ ടിപ്രലാൻഡ് എന്ന പുതിയ സംസ്ഥാനം പ്രധാന ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘ടിപ്ര മോത’ 42 ഇടങ്ങളിൽ മത്സരിക്കുന്നുണ്ട്.
ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തോട് പ്രതികരിക്കവെ, അക്കാര്യം തെരഞ്ഞെടുത്ത എം.എൽ.എമാർ തീരുമാനിക്കുമെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന താൽപര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇടതുപക്ഷം ജയിച്ചാൽ ജിതേന്ദ്ര ചൗധരിയാകും മുഖ്യമന്ത്രിയെന്ന് അഭ്യൂഹമുണ്ട്. ദീർഘനാളായി സി.പി.എമ്മിന്റെ ഗിരിവർഗ മേഖലയിലെ മുഖമാണ് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.