ഗുവാഹത്തി: ത്രിപുര നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ബി.ജെ.പി എം.എൽ.എയുദെ ചിത്രങ്ങൾ പുറത്തുവന്നു. ജാദവ് ലാൽ നാഥ് എം.എൽ.എയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത്. നോർത്ത് ത്രിപുര ജില്ലയിലെ ബാഗ്ബസ്സ മണ്ഡലത്തിലെ എം.എൽ.എയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി എം.എൽ.എ തന്നെ രംഗത്തെത്തി. തന്‍റെ ഫോണിൽ ഒരു കാൾ വന്നപ്പോൾ അറിയാതെ അശ്ലീല വീഡിയോ േപ്ല ആയതാണെന്നും എത്ര പരിശ്രമിച്ചിട്ടും നിർത്താൻ കഴിഞ്ഞില്ലെന്നും എം.എൽ.എ പറഞ്ഞു.
"ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. ഞാൻ പോൺ വീഡിയോകൾ കണ്ടിരുന്നില്ല. പെട്ടെന്ന് എനിക്ക് ഒരു കാൾ ലഭിച്ചു. പരിശോധിക്കാൻ തുറന്നപ്പോൾ വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി. ഞാൻ വീഡിയോ അടക്കാൻ ശ്രമിച്ചു. പക്ഷേ അത് അടക്കാൻ സമയമെടുത്തു" -എം.എൽ.എ എ.എൻ.ഐയോട് പറഞ്ഞു.
മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മനഃപൂർവം വീഡിയോ പ്ലേ ചെയ്തതല്ലെന്നും എം.എൽ.എ പറഞ്ഞു. വൈറലായ വീഡിയോയിൽ, സ്പീക്കറും മറ്റ് എം.എൽ.എമാരും ചർച്ചയിൽ തുടരുന്ന പശ്ചാത്തലത്തിൽ ജാദവ് ലാൽ നാഥ് നിരവധി വീഡിയോകളിലൂടെ സ്ക്രോൾ ചെയ്യുന്നതും അശ്ലീല ക്ലിപ്പ് ശ്രദ്ധയോടെ വീക്ഷിക്കുന്നതും കാണാം. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
"ഈ സംഭവം എല്ലാ എം.എൽ.എമാരുടെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഈ മനുഷ്യനെ ഉചിതമായ ശിക്ഷിക്കണം. നിയമസഭയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അയാൾക്ക് എങ്ങനെ അശ്ലീലചിത്രങ്ങൾ കാണാൻ കഴിയും?" -സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബിരജിത് സിൻഹ ചോദിച്ചു. നാഥിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് അനിമേഷ് ദേബ്ബർമയും ആവശ്യപ്പെട്ടു. ഇത്തരമൊരു നടപടിക്കെതിരെ സ്പീക്കർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ ബിശ്വബന്ധു സെൻ പറഞ്ഞു. "എനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിൽ ഒരുപാട് കാര്യങ്ങൾ വൈറലാകുന്നു. ശരിയായ പരാതി ഉണ്ടാകുന്നത് വരെ എനിക്ക് പ്രതികരിക്കാൻ കഴിയില്ല. അത് കഴിയുമ്പോൾ ഞാൻ അന്വേഷിച്ച് നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കും" -സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.