അമ്പും വില്ലിനും പകരം തൃശൂലവും ഉദയസൂര്യനും ടോർച്ചും -ഉദ്ധവ് പക്ഷത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ

മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെ പുതിയ ചിഹ്നങ്ങൾ മുന്നോട്ടുവച്ച് ഉദ്ധവ് താക്കറെ പക്ഷം. ത്രിശൂലം ,ഉദയസൂര്യൻ,ടോർച്ച് എന്നിവയാണ് പുതുതായി ഉദ്ധവ് താക്കറെ പക്ഷം തീരുമാനിച്ചിരിക്കുന്ന ചിഹ്നങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 10 വരെയാണ് പുതിയ ചിഹ്നം തീരുമാനിക്കാൻ സമയം നൽകിയിരിക്കുന്നത്.

ഇവയിലേതെങ്കിലും ഒന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചാൽ‍ നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിൽ ഉപയോ​ഗിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രിംകോടതിയെ സമീപിക്കുമെന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ പേരും ചിഹ്നവും തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ.

അതേസമയം, ശിവസേന എന്ന പേരും മരവിപ്പിച്ചതിനാൽ തങ്ങളുടെ പാർട്ടിക്ക് ​'ശിവസേന- ബാലാസാഹിബ് താക്കറെ' എന്ന പേര് അനുവദിക്കണം എന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. അത് സാധിച്ചില്ലെങ്കിൽ 'ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ' എന്നതാണ് പരി​ഗണനയിലുള്ള രണ്ടാമത്തെ പേര്. പേരും ചിഹ്നവും തീരുമാനമായാൽ ആ​ഗതമായ അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിൽ അതുമായി കളത്തിലിറങ്ങാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം.

എന്നാൽ, പുതിയ പേരും ചിഹ്നവും ഷിൻഡെ പക്ഷം മുന്നോട്ടുവച്ചിട്ടില്ല. ഇതിനിടെ, ഭാവി നടപടി ചർച്ച ചെയ്യാൻ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ പക്ഷങ്ങൾ ഇന്ന് യോഗം ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ ഷിൻഡെ പക്ഷത്തിന്റെ പുതിയ നീക്കവും ചിഹ്നവും പേരുമൊക്കെ ചർച്ചയാവും.

1989ലാണ് ശിവസേനയുടെ അമ്പും വില്ലും ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അം​ഗീകരിച്ചത്. അതിനുമുമ്പ് വാളും പരിചയും, തെങ്ങ്, റെയിൽവേ എഞ്ചിൻ, കപ്പും പ്ലേറ്റും തുടങ്ങിയ വ്യത്യസ്ത ചിഹ്നങ്ങളിലാണ് ശിവസേന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഇന്നലെയാണ് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശിവസേനയുടെ രണ്ട് വിഭാഗങ്ങൾക്കും പാർട്ടിയുടെ 'വില്ലും അമ്പും' ചിഹ്നവും ശിവസേനയെന്ന പേരും ഉപയോഗിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പക്ഷത്തിനും തിരിച്ചടി നൽകിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുണ്ടായത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങൾക്കും പുതിയ പേരുകൾ തിരഞ്ഞെടുക്കാമെന്നും പുതിയ ചിഹ്നങ്ങൾ അനുവദിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - Trishul, rising Sun or mashaal': Uddhav Thackeray suggests three pole symbols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.