ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അവഗണിച്ചു എന്നാരോപിച്ചുള്ള വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയിൽ നോക്കുകയാണെന്ന രീതിയിലുള്ള ക്രോപ് ചെയ്ത വിഡിയോ പ്രതിപക്ഷ പാർട്ടി അംഗങ്ങളാണ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, തെലങ്കാന രാഷ്ട്രസമിതി നേതാവ് വൈ. സതീഷ് റെഡ്ഡി എന്നിവരാണ് രാംനാഥ് കോവിന്ദിനെ മോദി അവഗണിക്കുകയാണെന്നാരോപിച്ച് വിഡിയോ പങ്കുവെച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും സന്ദർഭത്തിന് അനുയോജ്യമല്ലെന്നും കാണിച്ച് ട്വിറ്റർ പിന്നീട് വിഡിയോ റെഡ്–ഫ്ലാഗ് ചെയ്തു.
''എന്തൊരു അപമാനമാണിത്. ക്ഷമിക്കണം സർ. ഇവരൊക്കെ ഇങ്ങനെയാണ്. താങ്കളുടെ കാലാവധി കഴിഞ്ഞു. ഇനി അവർ നിങ്ങളെ ശ്രദ്ധിക്കുക പോലുമില്ല''-എന്നായിരുന്നു വിഡിയോ പങ്കുവെച്ച് സഞ്ജയ് സിങ് ട്വീറ്റ് ചെയ്തത്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയേക്കാൾ ഫോട്ടോ ആണ് മുഖ്യം എന്നു പറഞ്ഞാണ് ടി.ആർ.എസ് നേതാവ് സതീഷ് റെഡ്ഡി വിഡിയോ പങ്കിട്ടത്.
യഥാർഥ വിഡിയോയിൽ, രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി കൈകൂപ്പുന്നതും അദ്ദേഹത്തെ നോക്കുന്നതും കാണാം. എന്നാൽ സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ ഇത് എഡിറ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി അതു ശ്രദ്ധിക്കാതെ കാമറയിൽ മാത്രം നോക്കുന്നതായാണ് വിഡിയോ. തുടർന്ന് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. യഥാർഥ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ വിഡിയോ ട്വിറ്റർ റെഡ്– ഫ്ലാഗ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.