ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡറടക്കം മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപോറ ഭാഗത്തുള്ള അവ്നീര ഗ്രാമത്തിൽ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ഹിസ്ബുൾ കമാൻഡർ യാസീൻ ഇട്ടു അടക്കം മൂന്നു പേരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിെൻറ തുടക്കത്തിൽ ശനിയാഴ്ച രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രഹസ്യവിവരത്തെതുടർന്നാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാസൈന്യം വളഞ്ഞത്.
ഭീകരർ ഏത് ഗ്രൂപ്പിൽപെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി വൈദ്യ പറഞ്ഞു. തിരച്ചിലിനിടെ ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർത്തതിനെതുടർന്ന് പരിക്കേറ്റ അഞ്ച് സൈനികരിൽ രണ്ടുപേർ ശനിയാഴ്ച രാത്രിയോടെ സൈനികആശുപത്രിയിൽ മരിക്കുകയായിരുന്നു.
സൈനികരായ തമിഴ്നാട് സ്വദേശി പി. ഇളയരാജ, മഹാരാഷ്ട്ര സ്വദേശി സുമേദ് വാമൻ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
അതിനിടെ ശ്രീനഗറിലെ ദാൽഗേറ്റ് ഭാഗത്തെ ബദ്യാരി ചൗക്കിലുണ്ടായ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പരിേക്കറ്റ പ്രദേശവാസി ആശുപത്രിയിൽ മരിച്ചു. ഹവാൽ സ്വദേശിയായ ഇംതിയാസ് അഹ്മദ് മിർ ആണ് സ്കിംസ് ആശുപത്രിയിൽ മരിച്ചത്. അജ്ഞാതർ പൊലീസിനെ ലഷ്യംവെച്ച് എറിഞ്ഞ പെട്രോൾ ബോംബ് ലക്ഷ്യംതെറ്റി റോഡരികിൽ നിൽക്കുകയായിരുന്ന ഇംതിയാസിെൻറ ദേഹത്ത് പതിക്കുകയായിരുന്നു.
വടക്കൻ കശ്മീരിലെ ബന്ദിപോറ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഹാജിൻ മേഖലയിൽ വഹാബ് പാരി മോഹല്ലയിൽ തമ്പടിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.