യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ; മറ്റൊരാൾക്കെതിരെ കേസ്

കൗശാമ്പി: ഉത്തർപ്രദേശിൽ ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന യുവാവിന്റെ പരാതിയിൽ രണ്ട് ക്രിസ്തുമത വിശ്വാസികൾക്കെതിരെ കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. സന്ത് ലാൽ, രാം ചന്ദ്ര എന്നിവർക്കെതി​​രെയാണ് 2021ലെ ‘ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം’ അനുസരിച്ച് കേസെടുത്തത്.

യു.പിയിലെ കൗശാമ്പിക്കടുത്ത് പശ്‌ചിം ശരിര ഗ്രാമത്തിലാണ് സംഭവം. തന്നെ മർദിക്കുകയും മതം മാറ്റാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നാരോപിച്ച് നന്ദ് ലാൽ സരോജ് (24) എന്നയാൾ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതി​രെ കേസെടുത്തത്. സന്ത് ലാലും രം ചന്ദ്രയും തന്നെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചതായി നന്ദ് ലാൽ സരോജ് ആരോപിച്ചു. ചൊവ്വാഴ്ചയാണ് രണ്ട് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ സന്ത്‌ലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

മതംമാറ്റം നിരോധിക്കുന്ന നിയമം കർശനമായി നടപ്പാക്കുന്നു ഉത്തർപ്ര​ദേശിൽ ആരെങ്കിലും നിർബന്ധിച്ച് മതംമാറ്റിയാൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും എന്നാൽ ഹിന്ദുമതത്തിലേക്ക് തിരികെ മതംമാറ്റിയാൽ ഈ നിയമം ബാധകമല്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. ജൽഗാവ് ജില്ലയിലെ ജാംനറിൽ നടന്ന 'ബഞ്ചാര കുംഭ് 2023' പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

"ഉത്തർപ്രദേശിൽ, ഇപ്പോൾ ആർക്കും മതപരിവർത്തനം നടത്താൻ കഴിയില്ല. അങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാൽ, കുറ്റവാളി 10 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. എങ്കിലും ഹിന്ദുമതത്തിലേക്ക് ഘർ വാപ്പസി നടത്തിയാൽ ഈ നിയമം ബാധകമല്ല. അവനോ അവൾക്കോ വീണ്ടും ഹിന്ദുവാകാൻ കഴിയും” -ആദിത്യനാഥ് പറഞ്ഞു.

Tags:    
News Summary - Two booked for forced religious conversion in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.