ന്യൂഡൽഹി: പ്രതിപക്ഷം പാർലമെൻറ് നടപടികൾ ബഹിഷ്കരിച്ച രണ്ടു ദിവസത്തിനിടയിൽ സർക്കാർ തിരക്കിട്ടു പാസാക്കിയത് നിരവധി ബില്ലുകൾ. ഇക്കാര്യത്തിൽ ലോക്സഭയെ രാജ്യസഭ കടത്തിവെട്ടി. 15 ബില്ലുകളാണ് രണ്ടു ദിവസം കൊണ്ട് രാജ്യസഭ പാസാക്കിയത്. രാജ്യസഭയിൽ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമില്ല. ഇതിൽ ഏഴു ബില്ലുകൾ വിവാദപരമാണ്.
തൊഴിൽ മേഖലയിലെയും കാർഷിക മേഖലയിലെയും മൂന്നു വീതം ബില്ലുകൾ, വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ എന്നിവയാണ് അവ. വരുന്ന മാസങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഖജനാവിൽനിന്ന് പണമെടുക്കാൻ അനുവദിക്കുന്ന ധനവിനിയോഗ ബില്ലുകളും പ്രതിപക്ഷത്തിെൻറ അഭാവത്തിൽ തന്നെ പാസാക്കി. ബി.ജെ.പിയും സഖ്യകക്ഷികളും പുറത്തുനിന്ന് അവസരോചിതം പിന്തുണക്കുന്ന ചങ്ങാത്ത പാർട്ടികളുമാണ് വിവാദ ബില്ലുകളുടെ ചർച്ചയിൽ പങ്കെടുത്തത്. ലോക്സഭയിലും വിവാദ തൊഴിൽ ബില്ലുകളുടെ ചർച്ചാവേളയിൽ പ്രതിപക്ഷം ഉണ്ടായിരുന്നില്ല.
അതിനിടെ, പ്രതിപക്ഷമില്ലാത്ത തക്കത്തിന് നേരത്തേ അജണ്ടയിലില്ലാതിരുന്ന നാലു വിവാദ ബില്ലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന മൂന്നു ബില്ലുകളും വിദേശ സഹായത്തിന് തടസ്സം സൃഷ്ടിക്കുന്ന ബില്ലുമാണ് പ്രതിപക്ഷത്തിെൻറ അസാന്നിധ്യത്തില്‍ രാജ്യസഭ കടന്നത്. രാഷ്ട്രപതി മേലൊപ്പ് ചാര്‍ത്തുന്നതോടെ ഇവ നിയമമാകും. തൊഴിലാളിദ്രോഹ ബില്ലുകളെന്ന് ആക്ഷേപം നേരിട്ട വ്യവസായബന്ധ ചട്ടം, സാമൂഹിക സുരക്ഷ ചട്ടം, തൊഴിലിടങ്ങളിലെ സുരക്ഷ ചട്ടം എന്നിവയും മതന്യൂനപക്ഷങ്ങളുടെ സൊസൈറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ സംഭാവന സ്വീകരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ബില്ലുമാണ് രാജ്യസഭ പാസാക്കിയത്. ഈ ബില്ലുകൾ കഴിഞ്ഞദിവസങ്ങളില്‍ ലോക്സഭ പാസാക്കിയിരുന്നു. തൊഴിലുടമകള്‍ക്ക് അനുകൂലമായ വ്യവസ്ഥകളുള്ള തൊഴില്‍ ബില്ലുകള്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്വര് രാജ്യസഭയില്‍ അവകാശപ്പെട്ടു.
കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും അവസരമൊരുക്കുന്ന അവശ്യസാധന നിയമഭേദഗതി അടക്കമുള്ള ഏഴ് ബില്ലുകൾ പ്രതിപക്ഷമിറങ്ങിപ്പോയശേഷം കേവലം മൂന്നര മണിക്കൂർ കൊണ്ട് പാസാക്കിയതിന് പിറകെയാണ് ബുധനാഴ്ചയും ഇത് തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.