ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു; ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതി​നെ തുടർന്ന് രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ധന്‍ബാദ്: റെയില്‍വെ ട്രാക്കിലെ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതി​നെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ കൊദെര്‍മ ജില്ലയിലാണ് സംഭവം. യാത്രയ്ക്കിടെ റെയില്‍വെ ട്രാക്കിലെ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊദെര്‍മ - ഗോമോഗ് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ പ്രസാബാദ് എന്ന സ്ഥലത്തിന് സമീപത്തായിരുന്നു അപകടം. പുരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന പുരുഷോത്തം എക്സ്പ്രസിന് മുകളിലേക്കാണ് റെയില്‍വെ ട്രാക്കിലെ ഓവര്‍ഹെഡ് വൈദ്യുതി ലൈന്‍ പൊട്ടി വീണതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലൈന്‍ പൊട്ടിയതിന് പിന്നാലെ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇതോടെ ട്രെയിന്‍ നിര്‍ത്താന്‍ ഡ്രൈവര്‍ എമര്‍ജന്‍സ് ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. ഇതോടെ, ട്രെയിനിലുണ്ടായ ശക്തമായ കുലുക്കമാണ് രണ്ട് പേരുടെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമായതെന്ന് ധന്‍ബാദ് റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്സ് മാനേജര്‍ അമരീഷ് കുമാര്‍ പറഞ്ഞു.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു വൈദ്യുതി ലൈന്‍ പൊട്ടിയതും പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കേണ്ടി വന്നതും. കൊദെര്‍മ - ഗോമോഗ് സെക്ഷനിലെ അപകടത്തെ തുടര്‍ന്ന് ധന്‍ബാദ് റെയില്‍വെ ഡിവിഷനിലെ ഈ സ്ഥലത്ത് നാല് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതായും പിന്നീട് തകരാര്‍ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചതായും റെയിൽവേ അധികൃതര്‍ അറിയിച്ചു. ഡീസല്‍ എഞ്ചിന്‍ കൊണ്ടുവന്നാണ് അപകട സ്ഥലത്തു നിന്ന് പുരുഷോത്തം എക്സ്പ്രസിനെ തൊട്ടടുത്ത ഗൊമോഗ് സ്റ്റേഷനിലേക്ക് മാറ്റിയത്. 

Tags:    
News Summary - Two Dead As Delhi-Bound Train Stops Suddenly After Overhead Electric Wire Snaps In Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.