എ.എ.പി സഖ്യം: ഡൽഹി കോൺഗ്രസിൽ വീണ്ടും രാജി, രണ്ട് മുൻ എം.എൽ.എമാർ പുറത്തേക്ക്

ന്യൂഡൽഹി: പാർട്ടി നേതാവ് അരവിന്ദർ സിങ് ലവ്‌ലി ഡൽഹി കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ മുൻ കോൺഗ്രസ് എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. തങ്ങളുടെ രാജിക്ക് കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും (എ.എ.പി) സഖ്യമാണ് കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ഇരു നേതാക്കളും വ്യക്തമാക്കി.

എ.എ.പിയുമായുള്ള സഖ്യം ഡൽഹി കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അപകീർത്തിയും നാണക്കേടും ഉണ്ടാക്കുന്നുവെന്നും ആത്മാഭിമാനമുള്ള പാർട്ടി നേതാവെന്ന നിലയിൽ തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അറിയിക്കുന്നതായി നീരജ് ബസോയ കത്തിൽ പറഞ്ഞു.

ഡൽഹിയിൽ എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്. ‘കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ തന്നെ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല. ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ല’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

അരവിന്ദർ സിങ് ലവ്ലിയുടെ രാജിയെ തുടർന്ന് കോൺഗ്രസ് ഡൽഹി ഘടകത്തിന്‍റെ ഇടക്കാല പ്രസിഡന്‍റായി മുൻ എം.എൽ.എ ദേവേന്ദർ യാദവിനെ നിയമിച്ചു. ദേവേന്ദർ യാദവ് 2008ലും 2013ലും ഡൽഹിയിലെ ബദ്‌ലി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 2015ൽ ആം ആദ്മി പാർട്ടിയുടെ അജേഷ് യാദവിനോട് പരാജയപ്പെട്ടു. നിലവിൽ പഞ്ചാബിന്‍റെ എ.ഐ.സി.സി ചുമതലക്കാരനാണ് ദേവേന്ദർ യാദവ്.

Tags:    
News Summary - Two former Congress MLAs quit party, blame alliance with AAP for their decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.