ബംഗളൂരു: കേരള -കർണാടക അതിർത്തി ഗ്രാമത്തിൽ കടുവ രണ്ടുപേരെ കടിച്ചുകൊന്നു. കുടക് ജില്ലയിലെ നാഗർഹോളെ കടുവ സങ്കേതത്തിന്റെ പരിധിയിൽ കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് സംഭവം. ഹുൻസൂർ അൻഗോട്ട സ്വദേശികളും ജെനു കുറുബ സമുദായത്തിൽപെട്ട ആദിവാസികളുമായ മധുവിന്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (75) എന്നിവരാണ് 12 മണിക്കൂറിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചേതനുനേരെ ആക്രമണമുണ്ടായത്.
കാപ്പിത്തോട്ടത്തിൽ പണിക്കായി കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ കാപ്പിക്കുരു പറക്കുന്നതിനിടെ പിന്നിലൂടെ പതുങ്ങിയെത്തിയ കടുവ കടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇത് ഒപ്പമുണ്ടായിരുന്നവർ അറിഞ്ഞില്ല. തിരച്ചിലിൽ കടുവ പാതി ഭക്ഷിച്ച നിലയിൽ യുവാവിന്റെ മൃതദേഹവും കടുവയെയും കണ്ടെത്തി. ബഹളം വച്ച് കടുവയെ ഓടിക്കാൻ ശ്രമിച്ച പിതാവ് മധുവിന് നേരെ കടുവ ചാടി വീണു. കടുവയെ തള്ളിമാറ്റി മധു ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മധു ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവും കർഷകനുമായ രാജുവിനെ (65) തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടുപേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. എന്നാൽ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സംഭവസ്ഥലത്തെത്തി അർഹമായ നഷ്ടപരിഹാരം എഴുതി നൽകണമെന്നാവശ്യപ്പെട്ട് രാജുവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.