ന്യൂഡൽഹി: 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് കോൺഗ്രസ് നിർത്തിയ രണ്ട് മുസ്ലിം സ്ഥാനാർഥികളും വിജയിച്ചപ്പോൾ 90 അംഗ ഛത്തിസ്ഗഢ് നിയമസഭയിലേക്ക് കോൺഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാർഥി തോറ്റു.
ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ ഭോപാൽ സെൻട്രലിൽ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ ആരിഫ് മസൂദ് 15,891 വോട്ടുകൾക്ക് ബി.ജെ.പിയിലെ ധ്രുവ് നാരായൺ സിങ്ങിനെയും മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ഭോപാൽ നോർത്തിൽ സിറ്റിങ് എം.എൽ.എ ആതിഫ് ആരിഫ് അഖീൽ ബി.ജെ.പിയിലെ അലോക് ശർമയെ 26,987 വോട്ടുകൾക്കും തോൽപിച്ചു.
അതേസമയം, കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് ബുർഹാൻപുർ മണ്ഡലത്തിൽ എ.ഐ.എം.ഐ.എം ടിക്കറ്റിൽ മത്സരിച്ച നഫീസ് മാൻഷ പരാജയപ്പെട്ടു. 33,853 വോട്ട് പിടിച്ച നഫീസ് ബി.ജെ.പിയുടെ അർച്ചന ചിത്നിയുടെ വിജയത്തിന് വഴിയൊരുക്കി. രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് അഞ്ചു മുസ്ലിം മുഖങ്ങളുണ്ട്. ഇതിൽ നാലുപേർ കോൺഗ്രസിൽ നിന്നാണ്. ഒരാൾ സ്വതന്ത്രൻ.
മുസ്ലിംകളിൽനിന്ന് ഒരാളെയും ബി.ജെ.പി മത്സരിപ്പിച്ചിരുന്നില്ല. കോൺഗ്രസ് 15 പേർക്കാണ് ടിക്കറ്റ് നൽകിയത്. എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയ ബി.എസ്.പിക്കും മുസ്ലിം സ്ഥാനാർഥികൾ ഉണ്ടായിരുന്നെങ്കിലും ആരും വിജയിച്ചില്ല. ഛത്തിസ്ഗഢിലെ 95 ശതമാനം ഹിന്ദു വോട്ടർമാരുള്ള കവധ നിയമസഭ മണ്ഡലത്തിൽനിന്ന് കഴിഞ്ഞ തവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച സംസ്ഥാന നിയമമന്ത്രി മുഹമ്മദ് അക്ബർ തൊട്ടടുത്ത ബി.ജെ.പി സ്ഥാനാർഥിയേക്കാൾ39592 വോട്ടുകൾക്കു തോറ്റു.
ഭോപാൽ: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാജസ്ഥാനിൽ രൂപവത്കരിച്ച ഭാരത് ആദിവാസി പാർട്ടിക്ക് (ബി.എ.പി) രാജസ്ഥാനിലും മധ്യപ്രദേശിലുമായി നാലു സീറ്റ് ലഭിച്ചു. ഏക പരിസ്ഥിതി അനുകൂല പാർട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന ബി.എ.പി മധ്യപ്രദേശിൽ രത്ലാം ജില്ലയിലെ സെയ്ലാന സീറ്റിലാണ് വിജയം കൊയ്തത്. കമലേശ്വർ ദോദിയാറാണ് കോൺഗ്രസിന്റെ ഹർഷ് വിജയ് ഗെഹ് ലോട്ടിനെ 4,618 വോട്ടുകൾക്ക് തോൽപിച്ചത്. രാജസ്ഥാനിൽ ദാരിയവാഡിലും അസ്പുരിലും ചൊരാസിയിലുമാണ് പാർട്ടി ജയിച്ചത്.
2017ൽ രൂപവത്കരിച്ച ഭാരതീയ ട്രൈബൽ പാർട്ടിയിൽനിന്ന് (ബി.ടി.പി) തെറ്റിപ്പിരിഞ്ഞവരാണ് ബി.എ.പിയായി മാറിയത്. രാജസ്ഥാനിലെ ചൊരാസി എം.എൽ.എയും ഗോത്രവർഗ നേതാവുമായ രാജ്കുമാർ റോത്തിന്റെ നേതൃത്വത്തിലാണ് പാർട്ടി നിലവിൽ വന്നത്. ഗോത്രവിഭാഗങ്ങളുടെ പുരോഗതിക്കൊപ്പം പരിസ്ഥിതിസ്നേഹവും ബി.എ.പിയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.