അഹ്മദാബാദ്: ഉത്തരായൻ ആഘോഷത്തിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി മുറിഞ്ഞ് മൂന്ന് വയസ്സുകാരിയും 35 വയസ്സുകാരനും മരിച്ചു. മെഹ്സാന ജില്ലയിലെ വിസ്നഗറിൽ മാതാവിനൊപ്പം വീട്ടിലേക്ക് നടക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി മുറിവേറ്റാണ് കൃഷ്ണ താക്കൂർ (മൂന്ന്) മരിച്ചത്. വദോദര നഗരത്തിലെ ചാനി പ്രദേശത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങിയാണ് സ്വാമി യാദവ് മരിച്ചത്. ഗുജറാത്തിൽ ഉടനീളം പട്ടം ചരട് കൊണ്ട് ആളുകൾക്ക് പരിക്കേറ്റ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ സർവിസസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പട്ടം പറത്തുന്നതിനിടയിൽ ടെറസിൽനിന്ന് വീണ് നിരവധിപേർക്ക് പരിക്കേറ്റു. കണക്കുകൾ പ്രകാരം, ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ സംസ്ഥാനത്ത് 62 പേർക്ക് പട്ടം ചരടുകൊണ്ട് പരിക്കേറ്റു. 164 പേർക്ക് ഉയരത്തിൽനിന്ന് വീണും പരിക്കുപറ്റി. പട്ടം ചരടുകൾ കുടുങ്ങി നിരവധി പക്ഷികൾക്കും മൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പറുകളിലേക്ക് ലഭിച്ച കാളുകളിൽനിന്ന് ശേഖരിച്ച വിവരം അനുസരിച്ച്, 336 പക്ഷികൾക്കും 723 മൃഗങ്ങൾക്കും പരിക്കേറ്റതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.