മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സൽമാന്റെ ബാന്ദ്രയിലെ വീടിന് നേരെ ഏപ്രിൽ 14നാണ് വെടിവെപ്പുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്തിലെ ഭുജിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
ഗുജറാത്തിലെ ഭുജിൽ വെച്ച് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയ കാര്യം മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടു വരുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സൽമാന്റെ വീടിന് പുറത്ത് വെടിവെപ്പുണ്ടായത്. അജ്ഞാതരായ രണ്ട് പേരെത്തി സൽമാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിൽ വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെപ്പിന് പിന്നാലെ രക്ഷപ്പെട്ടു.
വെടിവെപ്പിന് പിന്നാലെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. നാല് റൗണ്ടാണ് അക്രമികൾ വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.
തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. മുംബൈ പൊലീസ് കമീഷണറുമായും വിഷയം ചർച്ച ചെയ്ത ഏക്നാഥ് ഷിൻഡെ സൽമാന്റെ സുരക്ഷ കൂട്ടാനും നിർദേശിച്ചിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‍ണോയ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.