ന്യൂഡൽഹി: സാകിർ നായിക്​ സാരഥിയായ 'ഇസ്​ലാമിക്​ റിസർച്ച്​ ഫൗണ്ടേഷൻ' (ഐ.ആർ.എഫ്) നിരോധനം അഞ്ച്​ വർഷത്തേക്ക്​ കൂടി നീട്ടിയ കേന്ദ്ര സർക്കാർ നടപടി ഏകാംഗ യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു. കേന്ദ്ര സർക്കാറിന്‍റെ ആവ​ശ്യപ്രകാരം അടച്ചിട്ട മുറിയിൽ രഹസ്യസ്വഭാവത്തിൽ നടത്തിയ വിചാരണയിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച അഞ്ച്​ മു​ദ്രവെച്ച കവറുകളിലെ വിവരങ്ങൾ നിർണായകമായ തെളിവുകളായി സ്വീകരിച്ചാണ്​ ട്രൈബ്യൂണൽ നടപടി. 2016 നവംബർ 17ന്​ അഞ്ച്​ വർഷത്തേക്ക്​ ആദ്യം നിരോധിച്ച ഐ.ആർ.ഫിനെ 2021 നവംബർ 15 മുതൽ വീണ്ടുമൊരു അഞ്ച്​ വർഷത്തേക്ക്​ കൂടി നിരോധിക്കുന്നതിന്​ ഇതോടെ നിയമപ്രാബല്യമായി.

സാകിർ നായികന്‍റെ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്​ ശരിയാണോ എന്ന്​ തീരുമാനിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഡിസംബറിൽ ഉണ്ടാക്കിയ ജസ്റ്റിസ്​ ഡി.എൻ. പട്ടേലിന്‍റെ ട്രൈബ്യൂണലാണ് ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഡൽഹി ഹെകോടതി ചീഫ്​ ജസ്റ്റിസായിരുന്ന പട്ടേലിന്‍റെ ഉത്തരവ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിജഞാപനം ചെയ്തു.

വിചാരണ വേളയിൽ അഞ്ച്​ മുദ്രവെച്ച കവറുകളാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജസ്റ്റിസ്​ ഡി.എൻ. പട്ടേലിന്​ കൈമാറിയത്​. ഈ മുദ്രവെച്ച കവറുകളിലെ വിവരങ്ങൾ പരിഗണിച്ച​ ശേഷം കേ​ന്ദ്ര സർക്കാർ സമർപ്പിച്ച ഖേകളിൽ നിന്ന്​ തനിക്ക്​ ബോധ്യം വന്നതായി ജസ്റ്റിസ്​ ഡി.എൻ പട്ടേൽ പറയുന്ന കാര്യങ്ങൾ ഇവയാണ്​:

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകണം എന്ന ഉദ്ദേശ്യത്തോടെ യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു.​ മാത്രമല്ല, അവ ഇന്ത്യയോട്​ വി​രോധമുണ്ടാക്കാൻ കാരണമാകുന്നതുമാണ്​. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) 2(1)ഒ, 2(1)പി വകുപ്പുകൾ പ്രകാരം ഐ.ആർ.എഫ്​ നിയമവിരുദ്ധ സംഘടനയാണെന്ന്​ പ്രഖ്യാപിക്കാൻ അവ പര്യാപ്തമാണ്​.

കേന്ദ്ര സർക്കാർ സമർപ്പിച്ച തെളിവുകളിൽ നിന്ന്​ സാകിർ നായികിന്‍റെ പ്രവർത്തനങ്ങളും സ്വഭാവവും ഇന്ത്യയുടെ ദേശീയ താൽപര്യത്തിന്​ ഹാനികരമാണ്​ എന്ന തീർപ്പിലെത്തിയതായി ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്​തമാക്കി. ഐ.ആർ.എഫും അതി​ന്‍റെ ഭാരവാഹികളും വ്യാപൃതരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഇന്ത്യയോട്​ വിരോധമുണ്ടാക്കുന്നുവെന്നും ​ട്രൈബ്യൂണൽ വ്യക്​തമാക്കി.

അതേസമയം തങ്ങൾ അയച്ച നോട്ടീസിന്​ നൽകിയ മറുപടിയിൽ കേന്ദ്രം ഉന്നയിച്ച ആരോപണങ്ങളെല്ലാം ഐ.ആർ.എഫ്​ നിഷേധിച്ചിരുന്നുവെന്നും സാകിർ നായികിനെതിരായ ആരോപണങ്ങൾക്ക്​ സംഘടനയുമായി ബന്ധമില്ലെന്നും ബോധിപ്പിച്ചിരുന്നുവെന്നും ഉത്തരവിലുണ്ട്​.

Tags:    
News Summary - UAPA Tribunal Confirms Centre's Move To Ban Zakir Naik's Islamic Research Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.