ഐ.ആർ.എഫ് നിരോധനം അഞ്ച് വർഷം കൂടി
text_fieldsന്യൂഡൽഹി: സാകിർ നായിക് സാരഥിയായ 'ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ' (ഐ.ആർ.എഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്ര സർക്കാർ നടപടി ഏകാംഗ യു.എ.പി.എ ട്രൈബ്യൂണൽ ശരിവെച്ചു. കേന്ദ്ര സർക്കാറിന്‍റെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിൽ രഹസ്യസ്വഭാവത്തിൽ നടത്തിയ വിചാരണയിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച അഞ്ച് മുദ്രവെച്ച കവറുകളിലെ വിവരങ്ങൾ നിർണായകമായ തെളിവുകളായി സ്വീകരിച്ചാണ് ട്രൈബ്യൂണൽ നടപടി. 2016 നവംബർ 17ന് അഞ്ച് വർഷത്തേക്ക് ആദ്യം നിരോധിച്ച ഐ.ആർ.ഫിനെ 2021 നവംബർ 15 മുതൽ വീണ്ടുമൊരു അഞ്ച് വർഷത്തേക്ക് കൂടി നിരോധിക്കുന്നതിന് ഇതോടെ നിയമപ്രാബല്യമായി.
സാകിർ നായികന്‍റെ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് ശരിയാണോ എന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഡിസംബറിൽ ഉണ്ടാക്കിയ ജസ്റ്റിസ് ഡി.എൻ. പട്ടേലിന്‍റെ ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി ഹെകോടതി ചീഫ് ജസ്റ്റിസായിരുന്ന പട്ടേലിന്‍റെ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിജഞാപനം ചെയ്തു.
വിചാരണ വേളയിൽ അഞ്ച് മുദ്രവെച്ച കവറുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജസ്റ്റിസ് ഡി.എൻ. പട്ടേലിന് കൈമാറിയത്. ഈ മുദ്രവെച്ച കവറുകളിലെ വിവരങ്ങൾ പരിഗണിച്ച ശേഷം കേന്ദ്ര സർക്കാർ സമർപ്പിച്ച ഖേകളിൽ നിന്ന് തനിക്ക് ബോധ്യം വന്നതായി ജസ്റ്റിസ് ഡി.എൻ പട്ടേൽ പറയുന്ന കാര്യങ്ങൾ ഇവയാണ്:
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകണം എന്ന ഉദ്ദേശ്യത്തോടെ യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. മാത്രമല്ല, അവ ഇന്ത്യയോട് വിരോധമുണ്ടാക്കാൻ കാരണമാകുന്നതുമാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) 2(1)ഒ, 2(1)പി വകുപ്പുകൾ പ്രകാരം ഐ.ആർ.എഫ് നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിക്കാൻ അവ പര്യാപ്തമാണ്.
കേന്ദ്ര സർക്കാർ സമർപ്പിച്ച തെളിവുകളിൽ നിന്ന് സാകിർ നായികിന്‍റെ പ്രവർത്തനങ്ങളും സ്വഭാവവും ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് ഹാനികരമാണ് എന്ന തീർപ്പിലെത്തിയതായി ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഐ.ആർ.എഫും അതിന്റെ ഭാരവാഹികളും വ്യാപൃതരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഇന്ത്യയോട് വിരോധമുണ്ടാക്കുന്നുവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
അതേസമയം തങ്ങൾ അയച്ച നോട്ടീസിന് നൽകിയ മറുപടിയിൽ കേന്ദ്രം ഉന്നയിച്ച ആരോപണങ്ങളെല്ലാം ഐ.ആർ.എഫ് നിഷേധിച്ചിരുന്നുവെന്നും സാകിർ നായികിനെതിരായ ആരോപണങ്ങൾക്ക് സംഘടനയുമായി ബന്ധമില്ലെന്നും ബോധിപ്പിച്ചിരുന്നുവെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.