കാബ് സർവീസ് വൈകിയതിനെ തുടർന്ന് വിമാനം നഷ്ടമായി; ഊബർ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മുംബൈ: കാബ് സർവീസ് വൈകിയതിനെത്തുടർന്ന് വിമാനം നഷ്ടമായ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഊബർ ഇന്ത്യയോട് ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. തുകയുടെ പകുതി ഫ്ലൈറ്റ് നഷ്ടമായതിലൂടെ യുവതിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കത്തിന് വേണ്ടിയും മറ്റൊരു പകുതി കേസ് നടത്താൻ പരാതിക്കാരിക്ക് ചെലവായ തുകയായും നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയായ കവിതാ ശർമ 2018 മുതൽ കേസിന് വേണ്ടി പോരാടുകയാണ്. അതേ വർഷം ജൂണിൽ ചെന്നൈയിലേക്ക് യുവതി വിമാനം ബുക്ക് ചെയ്തെങ്കിലും കൃത്യസമയത്ത് എയർപോട്ടിൽ എത്താൻ സാധിച്ചില്ല.

2018 ജൂൺ 12 ന് വൈകുന്നേരം 5.50 ന് വിമാനം പുറപ്പെടേണ്ടതായിരുന്നുവെന്നും വീട്ടിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്ക് 3.29 ന് ഒരു ക്യാബ് ബുക്ക് ചെയ്തതായും ശർമ പരാതിയിൽ പറഞ്ഞു. ക്യാബ് എത്താൻ വൈകിയതോടെ ആവർത്തിച്ച് ഡ്രൈവറെ വളിച്ചതിന് ശേഷം 14 മിനിറ്റ് വൈകിയാണ് കാബ് ലൊക്കേഷനിൽ എത്തിയത്. ഡ്രൈവർ ഫോൺ കോളിൽ ആയതിനാൽ യാത്ര തുടങ്ങാൻ വൈകിയെന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിൽ വഴി തെറ്റിയതിനെ തുടർന്ന് 20 മിനിറ്റോളം വീണ്ടും വൈകിയെന്നും അവർ ആരോപിച്ചു. ഒടുവിൽ യുവതി വിമാനത്താവളത്തിൽ എത്തുമ്പോൾ സമയം 5.23 കഴിഞ്ഞിരുന്നു. തുടർന്ന് അവർക്ക് ഫ്ലൈറ്റ് നഷ്ടമാവുകയും ചെയ്തു.

യാത്രക്കായി ഊബർ ബുക്ക് ചെയ്ത സമയത്ത് ബില്ലായി കാണിച്ചിരുന്നത് 563 രൂപയായിരുന്നുവെന്നും എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഡ്രൈവർ 703 രൂപ നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു.

യുവതിക്കുണ്ടായ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി മുംബൈയിലെ അഭിഭാഷകൻ കമ്പനിക് നോട്ടീസ് അയച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്ന് യുവതി താനെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. ഉപഭോക്താക്കളെ ഡ്രൈവർമാരുമായി ബന്ധിപ്പിക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്ന് ഊബർ അവകാശപ്പെട്ടു. എന്നാൽ ആപ്പിന്റെ മാനേജ്‌മെന്റും അതിന്‍റെ എല്ലാ ഇടപാടുകളും സേവനങ്ങളും കമ്പനിക്കാണെന്ന് ഉപഭോക്തൃ കമീഷൻ കണ്ടെത്തി. തുടർന്ന് 20,000 രൂപ ശർമക്ക് നൽകാൻ ഊബർ ഇന്ത്യയോട് കോടതി ഉത്തരവിട്ടു .

Tags:    
News Summary - Uber Ordered To Pay ₹ 20,000 To Mumbai Resident Who Missed Her Flight Due To Cab Delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.