ഉദയ്പൂർ സംഘർഷം: നഗരം സാധാരണ നിലയിലേക്ക്

ജയ്പൂർ: പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചതിനെത്തുടർന്ന് രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വർഗീയ സംഘർഷത്തിന് നേരിയ ശമനം. അതേസമയം, പരിക്കേറ്റ വിദ്യാർഥിയെ കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്ന് ആരോപണമുയർന്നു. തുടർന്ന്, ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേർ ആശുപത്രിയിലേക്ക് പ്രതിഷേധ റാലി നടത്തി.

എന്നാൽ, കുട്ടിയെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്ന പ്രചാരണം ശരിയല്ലെന്നും അവർക്ക് ആശുപത്രിയിലെത്തി കുട്ടിയെ കാണാമെന്നും ഉദയ്പൂർ എസ്.പി യോഗേഷ് ഗോയൽ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗുരുതരമാണെന്നും ഉടൻതന്നെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടർന്ന്, നഗരത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് ഞായറാഴ്ചയും വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ല ഭരണകൂടം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് സർക്കാർ സ്കൂളിലെ പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേൽപിച്ചത്. പിന്നാലെ, പ്രായപൂർത്തിയാകാത്ത പ്രതിയുടെ വീട് ജില്ല അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. വനഭൂമിയിലാണ് വീട് നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് തെരുവിലിറങ്ങിയ ജനക്കൂട്ടം കാറുകൾക്ക് തീവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ചില ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചു. പ്രതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം, പ്രതിയായ മുസ്‍ലിം വിദ്യാർഥിയുടെ വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശിന്റെ മാതൃകയിൽ രാജസ്ഥാനിലും ’ബുൾഡോസർ നീതി’ നടപ്പാക്കുകയാണെന്ന് വിമർശകർ കുറ്റപ്പെടുത്തി. കേസുമായി ബന്ധമില്ലാത്ത പിതാവിനെ കസ്റ്റഡിയിൽ എടുത്തതിലും വിമർശനമുയർന്നിട്ടുണ്ട്. വനഭൂമിയെന്ന് പറയുന്ന സ്ഥലത്ത് നിരവധി വീടുകളുണ്ടെങ്കിലും ഒരു വീട് മാത്രം തകർത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Tags:    
News Summary - Udaipur conflict: City back to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.