ജയ്പൂർ: ഉദയ്പൂർ കൊലപാതകം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ദേശീയ അന്തർദേശീയ തലങ്ങളിലെ തീവ്ര ഘടകങ്ങളുടെ പങ്കാളിത്തമില്ലാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ജോധ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിന് പിന്നാലെ വ്യാപകമായ ആക്രമണങ്ങളാണ് ഉദയ്പൂരിൽ റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ ഏഴ് പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ കർഫ്യൂ ഏർപ്പെടുത്തുകയും സംസ്ഥാനത്തെ 33 ജില്ലകളിൽ ഇന്‍റർനെറ്റ് സേവനം നിർത്തി വെക്കുകയും ചെയ്തു.
കൊലപാതകത്തെ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊരു സാധാരണ പ്രശ്നമല്ല. ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്ന് തീവ്ര ഘടകങ്ങളുടെ ബന്ധമുണ്ടാകാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്നാണ് ഇതുവരെയുണ്ടായ അനുഭവങ്ങൾ പറയുന്നത്- ഗെഹ്‌ലോട്ട് പറഞ്ഞു. ജയ്പൂരിൽ ഇന്ന് ക്രമസമാധാന അവലോകന യോഗം ചേരും. പ്രത്യേക അന്വേഷണ സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും അവലോകന യോഗത്തിനു ശേഷം സർക്കാർ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാമിനെ അപമാനിച്ചതിന് പ്രതികാര നടപടിയായി കനയ്യ ലാൽ എന്നയാളെ ചൊവ്വാഴ്ചയാണ് കൊലപ്പെടുത്തിയത്. കനയ്യ ലാലിനെ തലയറുത്ത് കൊന്നതായി പ്രതികൾ തന്നെയാണ് ഒരു വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തിൽ റിയാസ് അക്തരി, ഗോസ് മുഹമ്മദ് എന്നീ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികൾ പങ്കുവെച്ച വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയ നൂപുർ ശർമയെയും പരാമർശിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റിന്റെ പേരിൽ അടുത്തിടെയാണ് ലാലിനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 15ന് ജാമ്യത്തിലിറങ്ങിയത് മുതൽ തനിക്ക് ഭീഷണി കോളുകൾ വരുന്നതായി ഇയാൾ പരാതിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.