ഉദയ്പൂർ കൊലപാതകം അന്വേഷിക്കാൻ എൻ.ഐ.എ സംഘം; ഇന്ന് സംഭവസ്ഥലം സന്ദർശിക്കും

ജയ്പൂർ: നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ എൻ.ഐ.എ സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചു. എൻ.ഐ.എ ഉദ്യോഗസ്ഥ സംഘം സംഭവം നടന്ന രാജസ്ഥാനിലെ ഉദയ്പൂരിൽ എത്തി. കൊലപാതകം നടന്ന തയ്യൽക്കടയും പരിസര പ്രദേശങ്ങളും ഇവർ ഇന്ന് സന്ദർശിക്കും. എൻ.ഐ.എ കേസ് സമഗ്രമായി അന്വേഷിക്കുമെന്നും അറസ്റ്റിലായ രണ്ട് പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉദയ്പൂരിലെ ധന്മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. പ്രവാചകനിന്ദ നടത്തിയതിനെ തുടർന്ന് ബി.ജെ.പി സസ്പെൻഡ് ചെയ്ത നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നാരോപിച്ച് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

സംഭവത്തെത്തുടർന്ന് വർഗീയ സംഘർഷവും വ്യാപക ആക്രമണവും ഉടലെടുത്ത രാജസ്ഥാനിൽ സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും സംസ്ഥാനമാകെ വിലക്കി. സംഘർഷാവസ്ഥയുള്ളതിനാൽ 600ലധികം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്നും രാജസ്ഥാനിൽ അതിജാഗ്രത തുടരുകയാണെന്നും ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ഹവ സിങ് ഗുമാരിയ പറഞ്ഞു.

തീവ്രവാദ വിരുദ്ധ നിയമം, യു.എ.പി.എ എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി എൻഐഎയ്ക്ക് കൈമാറും. രാജ്‌സമന്ദ് ജില്ലയിലെ ഭീം മേഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ രണ്ടുപേരും ഹെൽമറ്റ് ധരിച്ച് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു, ഭീമ മേഖലയിൽ പരിശോധനക്കിടെയാണ് പിടികൂടിയതെന്ന് രാജ്സമന്ദ് പോലീസ് സൂപ്രണ്ട് സുധീർ ചൗധരി പറഞ്ഞു.

ഉദയ്പുരിലെ മാൾഡാസ് സ്ട്രീറ്റിലെ തന്റെ തയ്യൽക്കടയിൽ കനയ്യലാൽ തുണിയുടെ അളവെടുക്കുന്നതിനിടെയാണ് കൊല നടത്തിയത്. രണ്ടുപേർ കടയിലെത്തുന്നതും കനയ്യലാലിനെ കത്തികൊണ്ട് ആക്രമിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. ആക്രമണത്തിന് ശേഷം പ്രതികളുടെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. കൊലപാതകം നടന്ന മാൾഡാസിൽ നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഗവർണറും ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നറിയിച്ച ശോക് ഗെലോട്ട്, സമാധാനം നിലനിർത്താൻ പ്രധാനമന്ത്രിയും അമിത് ഷായും ജനങ്ങളോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Udaipur killing: Home Ministry sends NIA team to Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.