ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പട്ടാപ്പകൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ തിരിച്ചറിയൽ പരേഡിനായി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരെ പൊലീസ് വാനിൽ മുഖം മറച്ചുകൊണ്ടാണ് കോടതിയിലേക്ക് എത്തിച്ചത്.
കോടതിപരിസരത്ത് മുദ്രാവാക്യം വിളിച്ചുകൊണ്ട് അഭിഭാഷകർ പ്രതിഷേധിച്ചു. വൈകീട്ടോടെയാണ് പ്രതികളെ കോടതിയിലെത്തിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു നിരവധി അഭിഭാഷകർ പ്രതിഷേധിച്ചത്. പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്റെ പേരിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തയ്യൽക്കാരനായ കനയ്യലാലിനെ (40) രണ്ടുപേർ കടയിൽ കയറി കൊലപ്പെടുത്തിയത്.
അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് ഉദയ്പുരിൽ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആയിരത്തോളം പേർ പ്രകടനം നടത്തി. പ്രകടനത്തിനിടെ കല്ലേറുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രണ വിധേയമാക്കി. കനത്ത സുരക്ഷയിൽ നടന്ന പ്രകടനം കൊലപാതകം നടന്ന സ്ഥലത്തെത്തിയപ്പോഴാണ് ചെറിയ തോതിൽ സംഘർഷമുണ്ടായത്.
കനയ്യലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് സന്ദർശിച്ചു. നഷ്ടപരിഹാരമായി കുടുംബത്തിന് 51 ലക്ഷം രൂപയുടെ ചെക് കൈമാറി. കുടുംബത്തിന് സുരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കനയ്യ ലാലിന്റെ മകൻ പറഞ്ഞു. കേസിൽ ദേശീയ അന്വേഷണ ഏജൻസി ഉടൻ കുറ്റപത്രം നൽകി അതിവേഗ കോടതിയിൽ വിചാരണ നടത്തണമെന്ന് ഗെഹ് ലോട്ട് മാധ്യമപ്രവർത്തകരോട്പറഞ്ഞു.
കനയ്യ ലാലിന് സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് എൻ.ഐ.എ അന്വേഷണത്തിൽ വ്യക്തതവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊത്താസ്ര,റവന്യൂ മന്ത്രി രാം ലാൽ ജത്ത്, ഡി.ജി.പി എം.എൽ. ലാത്തർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.