മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയ മരണപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മഹാരാഷ്ട നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ്, ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിലെ അമ്പാദാസ് ദാൻവെ.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ടാലന്റ് മാനേജറായിരുന്ന ദിശ സാലിയാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ എസ്.ഐ.ടിയെ നിയോഗിക്കുമെന്ന് സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദാൻവെ.
ദിശ കെട്ടിടത്തിൽനിന്ന് വീണുമരിച്ചെന്നാണ് കണ്ടെത്തൽ. എന്നാൽ, ദിശയുടേത് കൊലപാതകമാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയെ ലക്ഷ്യമിട്ടാണ് നീക്കം. സംശയങ്ങൾ നീക്കാൻ അന്വേഷണത്തിന് എസ്.ഐ.ടിയെ നിയോഗിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. അന്വേഷണത്തിൽ എതിർപ്പില്ലെന്നുപറഞ്ഞ ദാൻവെ എന്നാൽ, ജസ്റ്റിസ് ലോയയുടെ മരണവും എസ്.ഐ.ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ കേസിലെ വിചാരണ നടക്കുന്നതിനിടെ സഹജഡ്ജിയുടെ മകളുടെ വിവാഹത്തിനുപോയ ലോയ നാഗ്പുരിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി പറഞ്ഞത്. എന്നാൽ, ലോയയുടെ കുടുംബവും സുഹൃത്തുക്കളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞിരുന്നു. കേസിൽ പ്രതികൾക്ക് അനുകൂല വിധിക്ക് 100 കോടി രൂപ മുൻ ബോംബെ ഹൈകോടതി ജഡ്ജി വാഗ്ദാനം ചെയ്തതായി ലോയയുടെ മകനും വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.