മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ സൂപർഹിറ്റ് സിനിമയായ പുഷ്പയിലെ നായകനോട് ഉപമിച്ച് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ. ആരുടെ മുന്നിലും തലകുനിക്കാത്ത ശിവസൈനികനാണ് സഞ്ജയ് റാവുത്തെന്ന് താക്കറെ പറഞ്ഞു. സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന.
കേന്ദ്ര സർക്കാറിനെ ഹിറ്റ്ലറിന്‍റെ ഏകാധിപത്യത്തോടാണ് താക്കറെ ഉപമിച്ചത്. കേന്ദ്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയെയും ഉപയോഗിച്ച് മുന്നോട്ടുപോകുമ്പോൾ എവിടെയാണ് ജനാധിപത്യമെന്ന് അദ്ദേഹം ചോദിച്ചു.
സഞ്ജയ് റാവുത്തിനെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് താക്കറെ പറഞ്ഞു. ഒരു സമ്മർദത്തിന് മുന്നിലും തലകുനിക്കാൻ അദ്ദേഹം തയാറായില്ല. ധീരനായ ശിവസൈനികനാണ് അദ്ദേഹം. പുഷ്പ സിനിമയിൽ ഒരു ഡയലോഗുണ്ട് -താഴത്തില്ലെടാ. തലതാഴ്ത്താൻ തയാറല്ലാത്ത യഥാർഥ ശിവസൈനികനാണ് റാവുത്ത്. താഴില്ലെന്ന് മുമ്പ് പറഞ്ഞവരെല്ലാം മറുവശത്താണ്. അതല്ല ബാലാസാഹേബ് കാണിച്ച ദിശ. റാവുത്താണ് ശരിയായ ശിവസൈനികൻ -താക്കറെ പറഞ്ഞു.
സഞ്ജയ് റാവുത്തിന് പിന്തുണയുമായി കോൺഗ്രസും രംഗത്തെത്തി. റാവുത്ത് ചെയ്ത ഒരേയൊരു കുറ്റം, ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയത്തിൽ ഭയന്നില്ല എന്നതാണ്. ധൈര്യവാനാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട് -കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചാണ് അറസ്റ്റ്. നാല് ദിവസം റാവുത്തിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റാവുത്ത് പറഞ്ഞത്. ശിവസേന വിടില്ല... മരിച്ചാലും കീഴടങ്ങില്ല. ഒരു വിധ അഴിമതിയുമായും ബന്ധമില്ലെന്ന് അന്തരിച്ച ബാലാസാഹെബ് താക്കറെയെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ബാലാസാഹെബ് പോരാടാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ശിവസേനക്കുവേണ്ടിയുള്ള പോരാട്ടം തുടരും -ഇ.ഡി റെയ്ഡിനിടെ റാവുത്ത് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.