മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. വൃക്ഷത്തിലെ ചീഞ്ഞ് അഴുകിയ ഇലകളോടാണ് ഉദ്ധവ് ശിവസേനയിലെ വിമതരെ താരതമ്യം ചെയ്തത്.
''പഴുത്തിലകൾ വീണാൽ മരത്തിൽ പുതിയ ഇലകൾ കിളിർക്കും. എന്റെ സർക്കാർ വീണു. എനിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. അതിൽ ഒരു ഖേദവുമില്ല. പക്ഷേ എന്റെ സ്വന്തക്കാരായിരുന്നവർ ഇപ്പോൾ വിശ്വാസവഞ്ചകരായിരിക്കുന്നു. ശസ്ത്രക്രിയയുടെ മുറിവിൽ നിന്ന് സുഖം പ്രാപിച്ചു വരികെ, അവരാണ് എന്നെ പിന്നിൽ നിന്ന് കുത്തിയത്, എന്റെ സർക്കാരിനെ താഴെയിറക്കിയത്.''-ശിവസേനയുടെ ഔദ്യോഗിക പത്രമായ സാമനക്കു നൽകിയ അഭിമുഖത്തിൽ ഉദ്ധവ് മനസു തുറന്നു.
വിമത നീക്കം നടത്തി സാമർഥ്യം കാണിച്ചവർ ഇപ്പോൾ തന്റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. നീതിക്കായുള്ള പോരാട്ടത്തിൽ തന്റെ പക്ഷം വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
''അവർ എന്നെ വഞ്ചിച്ചു. പാർട്ടിയിൽ പിളർപ്പുണ്ടാക്കി. എന്റെ പിതാവിന്റെ ചിത്രം ഉപയോഗിച്ചാണ് അവർ വോട്ടു പിടിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ പിതാവിന്റെ ചിത്രം ഉപയോഗിച്ച് വോട്ടിന് വേണ്ടി യാചിക്കുന്നത് അവസാനിപ്പിക്കൂ. കഴുത്തിന് ശസ്ത്രക്രിയക്കായി ആശുപത്രിയിലായ അവസരത്തിലാണ് എനിക്കെതിരെ അവർ കരുക്കൾ നീക്കിയത്. ഒരു ഭാഗത്ത് എന്റെ രോഗം പെട്ടെന്ന് ഭേദമാകാൻ ഒരു വിഭാഗം പ്രാർഥിക്കുമ്പോൾ, മറുഭാഗത്ത്, എന്നെ രോഗാതുരനാക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്റെ വിശ്വസ്തനായിരുന്ന ആളാണ് പാർട്ടിയെ പിളർത്തിയത്. എന്റെ അഭാവത്തിൽ പാർട്ടിയെ സംരക്ഷിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. നിങ്ങൾ ആ വിശ്വാസം തകർത്തു.കാലങ്ങളോളം നിങ്ങളെ വിശ്വസിച്ച് കൂടെ കൂട്ടിയ എനിക്കാണ് തെറ്റു പറ്റിയത്. '' ഷിൻഡെയെ പരാമർശിച്ച് ഉദ്ധവ് പറഞ്ഞു.
ഗാന്ധിയിൽ നിന്ന് കോൺഗ്രസിനെ അടർത്തി മാറ്റാൻ ശ്രമിക്കുന്നതു പോലെ ഷിൻഡെ പക്ഷം ബാൽ താക്കറെയിൽ നിന്ന് ശിവസേനയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മറ്റ് പാർട്ടികളിലെ മികച്ച നേതാക്കളെ തിരഞ്ഞെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സർദാർ പട്ടേലിനെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ച പോലെ എന്റെ പിതാവിന്റെ കാര്യത്തിലും ചെയ്യുന്നതായും ഉദ്ധവ് ആരോപിച്ചു.
വിമതരെ അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ പാർട്ടിയുടെ നിയന്ത്രണം ആർക്കാണെന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയും അനുയായികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങളാണ് യഥാർഥ ശിവസേനയെന്നാണ് ബി.ജെ.പിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച ശേഷം ഷിൻഡെ ടീം അവകാശപ്പെടുന്നത്. ശിവസേനയെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് തെളിയിക്കാൻ ആഗസ്റ്റ് എട്ടിനകം വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇരു സേനാ വിഭാഗങ്ങളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.