ഉദ്ധവ് താക്കറെയുടെ അനന്തരവൻ നിഹാർ താക്കറെ ഷിൻഡെയെ കണ്ട് പിന്തുണയറിയിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വിമതരുടെ കരുനീക്കത്തിൽ അധികാരം നഷ്ടമായ ഉദ്ധവ് താക്കറെക്ക് വീണ്ടും തിരിച്ചടി. ഉദ്ധവ് താക്കറെയുടെ സഹോദരപുത്രൻ നിഹാർ താക്കറെയും മറുകണ്ടം ചാടി ഷിൻഡെ പക്ഷത്തെത്തി. നിഹാർ താക്കറെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിക്കുകയും ചെയ്തു.

ഉദ്ധവിന്റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ യഥാർഥ അവകാശികൾ തങ്ങളാണെന്നാണ് ഷിൻഡെ പക്ഷം അവകാശപ്പെടുന്നത്. എന്നാൽ വിട്ടു​കൊടുക്കാൻ ഉദ്ധവ് പക്ഷം തയാറല്ല. തർക്കം ​സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

1996ൽ റോഡപകടത്തിലാണ് നിഹാർ താക്കറെയുടെ പിതാവ് ബിന്ദുമാധവ് താക്കറെ മരണപ്പെട്ടത്. ബാൽ താക്കറെയുടെ മൂന്നു മക്കളിൽ ഏറ്റവും മൂത്തയാളാണ് ബിന്ദു മാധവ്. ഉദ്ധവിനെ കൂടാതെ ജയ്ദേവ് താക്കറെയാണ് മറ്റൊരാൾ. സിനിമ നിർമാതാവായിരുന്ന ബിന്ദുമാധവ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.

നിഹാർ ഷിൻഡെയെ കണ്ടത് പ്രതീകാത്മക നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജയ്ദേവ് താക്കറെയു​ടെ മുൻ ഭാര്യ സ്മിതയും അടുത്തിടെ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയമായും വ്യക്തിപരമായും താക്കറെ കുടുംബങ്ങൾ അത്ര രസത്തിലല്ല. ബാൽ താക്കറെയുടെ സ്വത്തുവകകൾ സംബന്ധിച്ച തർക്കം കുടുംബാംഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട് താനും. 2012ലാണ് ബാൽ താക്കറെ അന്തരിച്ചത്.

ബി.ജെ.പി നേതാവ് ഹർഷ് വർധൻ പാട്ടീലിന്റെ മകൾ അങ്കിത പാട്ടീലിനെയാണ് അഭിഭാഷകനായ നിഹാർ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. മുൻ കോൺഗ്രസ് നേതാവായിരുന്ന ഹർഷ് വർധൻ മന്ത്രിപദവിയും വഹിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഏക് നാഥ് ഷിൻഡെ തന്റെ സർക്കാരിനെ അട്ടിമറിച്ചതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. പുതിയ ഇലകൾ വളരുന്നതിനായി മരത്തിൽ നിന്നു കൊഴിയുന്ന പഴുത്ത ഇലകളോടാണ് ഉദ്ധവ് വിമതരെ താരതമ്യപ്പെടുത്തിയത്.  

Tags:    
News Summary - Uddhav Thackeray's Nephew Meets Eknath Shinde, Pledges Support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.