മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടയിൽ രാഷ്ട്രീയക്കളരിയിൽ ഇറങ്ങി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ. ശിവസേനയുമായി ഇടഞ്ഞുനിൽക്കുന്ന വിമത എം.എൽ.എമാരുടെ ഭാര്യമാരെ ഫോണിൽ ബന്ധപ്പെട്ട് പാർട്ടിയിലേക്ക് തിരികെ വരാൻ ഭർത്താക്കൻമാരോട് പറയണം എന്ന് ആവശ്യപ്പെടുകയാണ് രശ്മി.
നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ താമസിക്കുന്ന ചില വിമത എം.എൽ.എമാർക്കും ഉദ്ധവ് താക്കറെ സന്ദേശമയക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സേന നേതാക്കളുമായി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് പ്രമേയങ്ങൾ പാസാക്കുകയും ശിവസേനയുടെയും അതിന്റെ സ്ഥാപകൻ ബാൽ താക്കറെയുടെയും പേര് ഉപയോഗിക്കുന്നതിൽ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.
മഹാരാഷ്ട്ര നിയമസഭയുടെ ആകെ അംഗബലം 287 ആണ്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ 144 എം.എൽ.എമാരുടെ പിന്തുണ വേണം. ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവയുടെ ഭരണസഖ്യത്തിന് 169 സീറ്റുകളാണുള്ളത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള എം.എൽ.എമാർ രാജിവച്ചാൽ, മഹാ വികാസ് അഘാഡിയുടെ (എം.വി.എ) അംഗബലം ഭൂരിപക്ഷത്തിന് താഴെയാകും. ഇത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തകർച്ചയിലേക്ക് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.