മുംബൈ: പിന്നിൽ നിന്ന് കുത്തിയ സ്വന്തം പാർട്ടി നേതാക്കളെ രാജിപ്രഖ്യാപനത്തിൽ രൂക്ഷമായി വിമർശിച്ചും ഒപ്പം നിന്നവരെ ഓർത്തെടുത്തും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി തള്ളിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം.
ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാമെന്ന് ഉദ്ധവ് പറഞ്ഞു. അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്.
ഔറംഗബാദിനെ സംബാജി നഗറെന്നും ഉസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദേശിച്ച പേരുകളാണിത്.
പാർട്ടിയിൽ നിലനിന്ന് സ്ഥാനമാനങ്ങൾ നേടിയവർ ഇന്ന് പാർട്ടിയുമായി വിദ്വേഷത്തിലാണ്. ഒന്നും ലഭിക്കാത്ത സാധാരണക്കാരായ ശിവസൈനികരാണ് പാർട്ടിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നത്
എന്നെ പിന്തുണച്ച എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. അപ്രതീക്ഷിതമായ രീതിയിലാണ് ഞാന്‍ അധികാരത്തിലെത്തിയത്. എന്നാൽ പുറത്തേക്കു പോകുന്നതു പതിവു രീതിയിലാണ്. ഞാൻ എങ്ങോട്ടും പോകില്ല, ഞാന്‍ ഇവിടെയുണ്ടാകും. ഒരിക്കൽ കൂടി ശിവസേനാ ഭവനിൽ ഇരിക്കും. എന്റെ ആളുകളോടൊപ്പം ഒത്തുചേരും -ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.