പരമഹംസ് ആചാര്യ, അമിത് മാളവ്യ

അയോധ്യയിലെ സന്യാസിക്കും അമിത് മാളവ്യക്കുമെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

ചെന്നൈ: സനാതന ധർമം സാമൂഹിക നീതിക്കെതിരാണെന്ന പരാമർശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യക്കെതിരെയും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെയും തമിഴ്നാട് പൊലീസ് കേസെടുത്തു. ഡി.എം.കെ നിയമവിഭാഗത്തിന്റെ പരാതിയിൽ മധുരയിലും ട്രിച്ചിയിലുമായാണ് കേസ് രജിസ്റ്റർ ചെയ്തത്.

യു.പിയിൽനിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ മധുര പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്നായിരുന്നു സന്യാസിയുടെ പ്രഖ്യാപനം. സന്യാസിയു​ടെ വിഡിയോ പങ്കുവെച്ച് തമിഴ്നാട്ടിൽ ഭീതി പടർത്തിയെന്നാരോപിച്ച് ഉത്തർപ്രദേശ് സ്വദേശിയായ മാധ്യമപ്രവർത്തകനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ട്രിച്ചി പൊലീസാണ് കേസെടുത്തത്. സനാതന ധർമത്തിനെതിരായ ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയെ വംശഹത്യക്കുള്ള ആഹ്വാനമായി വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസ്. ഉദയനിധിയുടെ പ്രസ്താവന വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമിൽ എഴുതിയിരുന്നു.

സെപ്റ്റംബർ രണ്ടിന് തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ചില കാര്യങ്ങൾ എതിർക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസംഗം. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും വ്യാപക പ്രതിഷേധമുയർത്തുകയാണ്. പരാമർശത്തിൽ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. 

Tags:    
News Summary - Udhayanidhi row: Case against BJP’s Amit Malviya and Ayodhya seer who declared bounty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.