ഹിജാബ് ധരിക്കേണ്ടവർക്ക് ഓൺലൈൻ ക്ലാസ് തെരഞ്ഞെടുക്കാമെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട്

ഗവൺമെന്റ് പി.യു കോളജിലെ ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ കർണാടക സർക്കാർ ഉന്നതാധികാര സമിതിയെ നിയമിച്ചതായി ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം കോളജുകളിൽ ഹിജാബ് അനുവദനീയമല്ലെന്നും ധരിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാമെന്നും പി.യു കോളജിലെ വികസന സമിതി ചെയർമാന്‍ കൂടിയായ രഘുപതി ഭട്ട് അഭിപ്രായപ്പെട്ടു. 

തന്റെ നിയോജക മണ്ഡലത്തിലെ മറ്റ് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഒരു പ്രശ്നവുമില്ലാതെ യൂനിഫോം കോഡ് പിന്തുടരുന്നതിന്റെ ഉദാഹരണങ്ങളും ഭട്ട് ചൂണ്ടിക്കാട്ടി. ഹിജാബും ശിരോവസ്ത്രവും ധരിക്കുന്നത് യൂനിഫോം കോഡിന് വിരുദ്ധമായതിനാൽ അതത് കോളജുകളിലെ വികസന സമിതികൾ ഹിജാബ് ധരിക്കുന്നതിനെ വിലക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണരീതിയും യൂനിഫോമും സംബന്ധിച്ച് മുമ്പ് കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ മാനദണ്ഡമാക്കിയാണ് ഉന്നതാധികാര സമിതി വിഷയത്തിൽ പരിഹാരം കാണുന്നത്. സംസ്ഥാന സർക്കാരിന് സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ പി.യു കോളജിൽ ഹിജാബ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ആളുകളാണ് ഹിജാബ് പ്രശ്നത്തെ ഉയർത്തികൊണ്ടുവരുന്നതെന്നും ഭട്ട് ആരോപിച്ചു. ഈ മാസാരംഭത്തിൽ ഗവൺമെന്റ് പി.യു കോളജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടി ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ ളകവാടത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞിരുന്നു.

ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതനുസരിച്ച് വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കുകയും ഇത് നിരവധി പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഹിന്ദുത്വ പ്രവർത്തകർ കാവി ഷാൾ അണിഞ്ഞ്​ കഴിഞ്ഞ മാസം കാമ്പസിലെത്തി ഹിജാബിനെതിരെ മുദ്രാവാക്യം വിളിച്ചതാണ്​ പ്രശ്​നങ്ങളുടെ തുടക്കം. ​ഇവരുടെ പ്രതിഷേധത്തെ തുടർന്ന്​ കോളജിൽ ഹിജാബ്​ നിരോധിക്കുകയായിരുന്നു. 

Tags:    
News Summary - Udupi hijab row: Students may opt for online classes if they can not be without hijab, says MLA Bhat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.