ന്യൂഡല്‍ഹി: സർവകലാശാല അധ്യാപക നിയമനത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി തുടങ്ങി പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കുന്ന നിർദേശവുമായി യു.ജി.സി. അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ സര്‍വകലാശാലകളിലെ മൊത്തം കണക്കെടുത്ത് സംവരണം നൽകുകയാണ് നിലവിൽ ചെയ്യുന്നത്. ഇതിന് പകരം പഠനവകുപ്പുകളുടെ അടിസ്ഥാനത്തില്‍ സംവരണം പരിഗണിക്കണമെന്നാണ് യു.ജി.സി കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് നൽകിയിരിക്കുന്ന നിര്‍ദേശം.
മന്ത്രാലയം ഇത് പരിഗണിക്കുകയാണെങ്കിൽ സര്‍വകലാശാല അധ്യാപക തസ്തികകളിൽ പിന്നാക്ക വിഭാഗത്തിനുള്ള പ്രാതിനിധ്യത്തെ കാര്യമായി ബാധിക്കുമെന്ന് മാനവശേഷി മന്ത്രാലയ മുൻ സെക്രട്ടറി പി.എസ്. കൃഷ്ണന് പറഞ്ഞു. ഒരു പഠന വകുപ്പില്‍ ഒരു പ്രഫസര്‍ തസ്തിക മാത്രമാണ് ഒഴിവുള്ളതെങ്കില് അവിടേക്ക് സംവരണം ഏര്‍പ്പെടുത്തില്ലെന്നും ഇത് മൊത്തത്തിലുള്ള സംവരണത്തെ ബാധിക്കുമെന്നും വിദ്യാഭ്യാസ മേഖലയിലുള്ളവർ പറയുന്നു.
അതേസമയം, നിലവിലെ രീതിയനുസരിച്ച് സര്‍വകലാശാലയിലെ മുഴുവന്‍ ഒഴിവുകളും ഒരുമിച്ച് പരിഗണിക്കുകയാണെങ്കില്‍ അതില്‍ നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്നാണ് യു.ജി.സി പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
സര്‍വകലാശാലയെ മൊത്തത്തില്‍ കണക്കാക്കാതെ ഓരോ പഠനവിഭാഗവും ഓരോ യൂനിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതേതുടർന്ന് യു.ജി.സി നിയോഗിച്ച 10 അംഗ കമ്മിറ്റി കോടതിവിധി പഠിച്ച് എല്ലാ സര്‍വകലാശാലകളിലും ഇതേ രീതി നടപ്പാക്കണമെന്ന റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. രാജ്യത്ത് 41 സര്‍വകലാശാലകളിലായി ഏപ്രിലോടെ 15,997 ഒഴിവുകളാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.