ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യു.കെ. കോൺവാൾ മേഖലയിലാണ് ഉച്ചകോടി നടക്കുന്നത്. യുറോപ്യൻ യൂണിയൻ,യു.കെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
കോവിഡ് 19, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര്യ വ്യാപാരം എന്നിവയെല്ലാമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയം. ഉച്ചകോടിക്ക് മുമ്പായി യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലെത്തും. നേരത്തെ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബോറിസ് ജോൺസൻ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
മൂന്ന് രാജ്യങ്ങളെയാണ് ജി7 ഉച്ചകോടിക്ക് അതിഥികളായി ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയും യു.കെയും കോവിഡിനെ നേരിടാൻ ഒരുമിച്ച് പ്രവർത്തിച്ചു. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ കോവിഡിനെ കുറിച്ച് നിരന്തരമായി ചർച്ച നടത്തിയിരുന്നതായും യു.കെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.