യുക്രെയ്ന്‍ അധിനിവേശത്തിൽ നിന്ന് പിന്മാറണമെന്ന് പുടിനോട് പറ‍യാന്‍ മോദിക്ക് ധൈര്യമുണ്ടോ - സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ന്‍ അധിനിവേശത്തിൽ പ്രധാനമന്ത്രി മോദി നിഷ്പക്ഷ മനോഭാവം കാണിക്കുന്നുവെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി. കഴിഞ്ഞ വർഷത്തെ ബ്രിക്‌സ് പ്രമേയത്തിന്റെ ഭാഗമായുള്ള ഡൽഹി പ്രഖ്യാപനങ്ങളുടെ ലംഘനമാണ് യുക്രെയ്നിൽ റഷ്യ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. യുക്രെയ്നിൽ നടത്തികൊണ്ടിരിക്കുന്ന സൈനിക ആക്രമണം അവസാനിപ്പിക്കാൻ റഷ്യയോട് മോദി നിർദേശിക്കണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.


വ്‌ലാദിമിർ പുടിനോട് യുക്രെയ്ന്‍ അധിനിവേശത്തിൽ നിന്ന് പിന്മാറാന്‍ പറ‍യാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നും ട്വീറ്റിൽ സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു. അതേസമയം, ഫെബ്രുവരി 24 ന് പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യുക്രെയ്‌നിലെ അക്രമങ്ങൾ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമിയുടെ ചോദ്യത്തെ വിമർശിച്ച് ചിലർ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.

യുക്രെയ്നിനെതിരായ റഷ്യയുടെ സൈനികനടപടിയെ എതിർക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്‍റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ യുക്രെയ്നിലെ സംഭവവികാസങ്ങൾ ഇന്ത്യയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കിയിരുന്നു.

മനുഷ്യരുടെ ജീവൻ പണയപ്പെടുത്തി ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ലെന്നും യുക്രെയ്‌നിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ഉത്കണ്ഠയും അദ്ദേഹം ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. എന്നാൽ ബി.ജെ.പി സർക്കാരിന്റെ കടുത്ത വിമർശകനായ സ്വാമി മോദി സർക്കാരിന്‍റെ ഇത്തരം നീക്കങ്ങളെ ഭീരുത്വമായാണ് കാണുന്നത്.

Tags:    
News Summary - Ukraine-Russia war: Will PM Modi have guts to tell Vladimir Putin to back off, asks Subramanian Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.