ആഗ്ര: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ എത്തിക്കുന്നതിന് വ്യത്യസ്ത മാർഗങ്ങൾ തേടുകയാണ് ഉത്തർപ്രദേശിലെ ജനങ്ങൾ. ആംബുലൻസ് ലഭിക്കാത്തതിനാൽ മരണപ്പെട്ട പിതാവിന്‍റെ മൃതദേഹം കാറിന്‍റെ മുകളിൽ കെട്ടിവെച്ചാണ് ആഗ്ര സ്വദേശി മോക്ഷാദാമിലെ ശ്മശാനത്തിൽ എത്തിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തർപ്രദേശിൽ ആംബുലൻസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ താറുമാറായ നിലയിലാണ്. ആംബുലൻസ് ക്ഷാമം കാരണം മൃതദേഹങ്ങൾ ശ്മശാനത്തിൽ എത്തിക്കുന്നതിന് ആറു മണിക്കൂർ വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.
കൂടാതെ, അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ചികിത്സ നൽകാൻ മെയിൻപുരി, ഫിറോസാബാദ്, മഥുര എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികൾ തയാറാകുന്നില്ലെന്നും വാർത്തകളുണ്ട്.
ആഗ്രയിൽ 600 കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മെയിൻപുരി -369, ഈഥ-237, മഥുര-190, ഫിറോസാബാദ്-80, കസ്ഗഞ്ച്-42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ.
നഗരത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. മെയിൻപുരി-8, ഈഥ-7, ആഗ്ര-5, മഥുര-4, ഫിറോസാബാദ്-2 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മരിച്ചവരുടെ കണക്ക്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രോഗം പിടിപ്പെട്ട് മരിച്ചത് 35 പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.