ന്യൂഡൽഹി: ഇന്ത്യയിൽ തെഴിലില്ലായ്മ നിരക്ക് 2021 ആഗസ്റ്റിൽ 8.3 ശതമാനമായി ഉയർന്നതായും 19 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതായും സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ).
ജൂലൈയിൽ ഏഴ് ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതോടെ തൊഴിൽ നിരക്ക് ജൂലൈയിൽ ഉണ്ടായിരുന്ന 37.5 ശതമാനത്തിൽ നിന്ന് 37.2 ശതമാനത്തിലേക്ക് ഇടിഞ്ഞതായും സി.എം.ഐ.ഇ റിപ്പോർട്ട് വ്യക്തമാക്കി.
കൃഷിയുമായി ബന്ധപ്പെട്ട് നിരവധിയാളുകൾക്ക് കാലംതെറ്റി വന്ന മഴയെ തുടർന്ന് തൊഴിൽ നഷ്ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം കാർഷിക മേഖലയിൽ 8.7 ദശലക്ഷം തൊഴിലുകൾ കുറഞ്ഞു. അതേസമയം തന്നെ മറ്റ് മേഖലകളിലെ ജോലികൾ 6.8 ദശലക്ഷമായി ഉയരുകയാണുണ്ടായത്. ബിസിനസ് മേഖലയിലെ തൊഴിൽ നാല് ദശലക്ഷമായി വർധിച്ചു. ചെറുകിട കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും എണ്ണം 2.1 ദശലക്ഷം കൂടി.
ശമ്പളമുള്ള ജോലിക്കാരുടെ എണ്ണത്തിൽ 0.7 ദശലക്ഷം വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാർഷിക മേഖലയിലെ കുറവ് സർവീസ് മേഖലയിലൂടെയാണ് നികത്തപ്പെട്ടത്. 8.5 ദശലക്ഷം പുതിയ തൊഴിലുകളാണ് ആഗസ്റ്റിൽ സർവീസ് മേഖലയിൽ സൃഷ്ടിച്ചെടുത്തത്.
വ്യാവസായിക മേഖലയിലും തൊഴിലില്ലായ്മയാണ്. വ്യാവസായിക മേഖലയിൽ ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റിൽ 2.5 ദശലക്ഷം തൊഴിൽ കുറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.എം.ഐ.ഇയുടെ അഭിപ്രായത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപെടുത്തിയ ലോക്ഡൗണുകളെ തുടർന്ന് നിർമാണ മേഖലയിൽ ഏകദേശം 10 ദശലക്ഷം തൊഴിൽ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.