ഉദയനിധിയെ പിന്തുണച്ച് എം.കെ സ്റ്റാലിൻ; 'വംശഹത്യയെന്ന പദം ഉപയോഗിച്ചിട്ടില്ല, പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യമറിയാതെ'

ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.

മന്ത്രിമാരുടെ യോഗത്തിൽ ഉദയനിധിക്ക് തക്കതായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവകാശവാദങ്ങളും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാ സംവിധാനവും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിക്കെതിരായ നുണകൾ അറിയാതെയാണോ പ്രധാനമന്ത്രി സംസാരിക്കുന്നത്. അതോ അറിഞ്ഞുകൊണ്ട് അദ്ദേഹം അങ്ങനെ പ്രതികരിക്കുകയാണോ ചെയ്യുന്നതെന്നും സ്റ്റാലിൻ ചോദിച്ചു.

സനാതന ധർമത്തെ സംബന്ധിച്ച് സ്വന്തം അഭിപ്രായം പറയുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തത്. പട്ടികജാതി വിഭാഗങ്ങൾ, ഗോത്രവർഗ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് നേരെ വിവേചനം സൃഷ്ടിക്കുന്നതാണ് സനാതന ധർമമെന്നാണ് ഉദയനിധി വ്യക്തമാക്കിയത്. അടിച്ചമർത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉൾക്കൊള്ളാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

എന്നാൽ, ഉദയനിധിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ജനശ്രദ്ധ തിരിക്കുന്നതിനാണോ സനാതധ ധർമം സംബന്ധിച്ച വിവാദം ഉയർത്തികൊണ്ടു വരുന്നതെന്ന് സംശയമുണ്ട്. മണിപ്പൂർ, സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ എന്നിവയിലൊന്നും കേന്ദ്രമന്ത്രിമാർ ഇതുവരെ പ്രതികരിച്ചില്ല. ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യാതെ സനാതന ധർമം സംബന്ധിച്ച വിവാദമാണ് കേന്ദ്രമന്ത്രിസഭ ​ചർച്ച ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - 'Unfair for PM to…': Chief Minister MK Stalin speaks on son's ‘Sanatana’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.