ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതി വർധിക്കുന്ന ഇന്ധന വില കുറക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ. വില കുറക്കുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ധന മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വില വർധനവിനെതിരെ രാജ്യവ്യാപക ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനവുമായി വില വർധനവ് വിഷയം ചർച്ച ചെയ്തു. നികുതി കുറച്ച് ഇന്ധന വില നിയന്ത്രിക്കാൻ സാധിക്കുമെന്ന വിശദീകരണമാണ് പെട്രോളിയം മന്ത്രി നൽകിയത്.
നികുതി കുറക്കുന്ന കാര്യത്തിൽ ധന മന്ത്രാലയമാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. എന്നാൽ, ധനമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇന്ധന നികുതി കുറക്കേണ്ടെന്ന തീരുമാനമാണ് എടുത്തത്.
പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയാണ് എക്സൈസ് നികുതിയായി കേന്ദ്രസർക്കാർ നിലവിൽ ചുമത്തുന്നത്. ഈ നികുതിയിൽ രണ്ട് രൂപയുടെ കുറവ് വരുത്തണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ ആവശ്യം. എന്നാൽ, നികുതി കുറച്ചാൽ 30,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
വില കുറയാൻ സംസ്ഥാന സർക്കാരുകൾ വാറ്റ് നികുതി കുറക്കണമെന്നാണ് കേന്ദ്ര നിലപാട്. ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾ പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. ആന്ധ്ര രണ്ടും രാജസ്ഥാൻ രണ്ടര രൂപയുമാണ് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.